07
Nov 2026
Sat
07 Nov 2026 Sat

ജിദ്ദ: പ്രവാസി മലയാളികളുടെ കൂട്ടായ്മകൾ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്കപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക ഐക്യത്തിനും കരുത്തേകുന്നുവെന്ന് ജിദ്ദയിൽ നടന്ന കൊണ്ടോട്ടി സെന്ററിന്റെ ‘മഹോത്സവം 2026’ അഭിപ്രായപ്പെട്ടു. പ്രാദേശികതലം മുതൽ ദേശീയതലം വരെ പ്രവർത്തിക്കുന്ന പ്രവാസി കൂട്ടായ്മകളുടെ പ്രവർത്തനങ്ങളുടെ അന്തിമഫലം പ്രയാസമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പലാണെന്നും പരിപാടി ചൂണ്ടിക്കാട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ ബാഗ്ദാദിയ ലുലുവിൽ സംഘടിപ്പിച്ച മഹോത്സവം കലാ-സാംസ്കാരിക പരിപാടികൾകൊണ്ട് ശ്രദ്ധേയമായി. മഹാകവി മോയിൻകുട്ടി വൈദ്യരുടെ ഗാനങ്ങൾ, മലയാള സിനിമാ മെലഡികൾ, ഹിന്ദി, തമിഴ് ഗാനങ്ങൾ എന്നിവ സംഗീതവിരുന്നിന് മാറ്റുകൂട്ടി. കുട്ടികളുടെ നൃത്തപരിപാടികളും അരങ്ങേറി.

കൊണ്ടോട്ടി സെന്റർ പ്രസിഡന്റ് മൊയ്തീൻ കോയ കടവണ്ടിയുടെ അധ്യക്ഷതയിൽ നടന്ന ‘രണ്ട് പതിറ്റാണ്ടിന്റെ പ്രവർത്തന മികവിൽ കൊണ്ടോട്ടി സെന്റർ ജിദ്ദ’ എന്ന സാംസ്കാരിക സമ്മേളനം ഒരുമ പ്രസിഡന്റ് കബീർ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. സെന്ററിന്റെ ഇരുപത് വർഷത്തെ പ്രവർത്തനങ്ങൾ സലീം മധുവായി വിശദീകരിച്ചു. മാധ്യമപ്രവർത്തകൻ മുസാഫിർ ആശംസകൾ നേർന്നു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. ബാഡ്മിന്റൺ രംഗത്ത് സൗദിയിൽ നിരവധി മത്സരങ്ങളിൽ വിജയിച്ച ആമിന റിഹാം കൊമ്മേരിക്ക് കൊണ്ടോട്ടി സെന്റർ വനിതാ വിഭാഗം കൺവീനർ ഡോ. റഷീദ പുരസ്കാരം സമ്മാനിച്ചു. കലാ-സാംസ്കാരിക-സാമൂഹിക രംഗത്തെ മികച്ച സംഘാടനത്തിനുള്ള പുരസ്കാരം ഹസ്സൻ കൊണ്ടോട്ടിക്ക് കിസ്വ കമ്പനി വെസ്റ്റേൺ റീജിയണൽ മാനേജർ കെ.എം. അനസ് നൽകി.

സൗദിയിലെ റസ്റ്റോറന്റ് ബിസിനസ് രംഗത്ത് നേട്ടങ്ങൾ കൈവരിക്കുകയും നിരവധി പേർക്ക് തൊഴിൽ നൽകുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകുകയും ചെയ്ത കെ.കെ.സി. സലാമിനെ റീഗൾ ആൻഡ് ഡേ ടു ഡേ ഡയറക്ടർ മുജീബ് ആദരിച്ചു. സ്ഥാപക നേതാക്കളായ സലീം മധുവായി, കുഞ്ഞു കടവണ്ടി, എ.ടി. ബാവ തങ്ങൾ എന്നിവരെയും ഹസ്സൻ കൊണ്ടോട്ടി ആദരിച്ചു.

പട്ടുറുമാൽ ജേതാവ് അസ്‌ന നിസാം, നൂഹ് ബീമാപള്ളി, സോഫിയ സുനിൽ, അഷ്‌റഫ് വലിയോറ, കരീം മാവൂർ, സലീം മധുവായി, റഹ്‌മത്ത് അലി എരത്തിക്കൽ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. സുവിജ വിജയൻ അവതാരകയായിരുന്നു.

റഹ്‌മത്ത് അലി എരത്തിക്കൽ സ്വാഗതവും എ.ടി. ബാവ തങ്ങൾ നന്ദിയും പറഞ്ഞു. അഷ്‌റഫ് കൊട്ടേൽസ്, ഷാലു വാഴയൂർ, ഇസ്മായിൽ നെടിയിരുപ്പ്, കബീർ നീറാട്, ഇർഷാദ് കളത്തിങ്ങൽ, ജംഷി കടവണ്ടി, പി.സി. അബൂബക്കർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ പരിപാടികൾക്ക് നേതൃത്വം നൽകി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക