ഷാർജ: ലോകപ്രശസ്തമായ സിന്‍ഡ്രെല്ലയുടെ കഥയ്ക്ക് ആധുനിക സാങ്കേതികവിദ്യയുടെ പുതുമ നൽകി ‘CINDY 3.0’ നാടകാവിഷ്കാരം. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി അരങ്ങേറിയ അവതരണം കുട്ടികൾക്കും മുതിർന്നവർക്കും വേറിട്ട അനുഭവമായി.
|
തത്സമയ നാടകാവതരണവും നിർമിതബുദ്ധി (AI) സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് സിന്‍ഡ്രെല്ലയുടെ കഥ പുതിയ രീതിയിൽ അവതരിപ്പിച്ചത്. മേളയിലെ തിയറ്ററിൽ നടന്ന പ്രദർശനം കാണാൻ വിവിധ പ്രായത്തിലുള്ള നിരവധി പേരെത്തി. മാതാപിതാക്കൾക്കൊപ്പം കുട്ടികളും കഥയുടെ പുതിയ ആവിഷ്കാരം ആസ്വദിച്ചു.
ഇത്തരം കലാപരിപാടികൾ കുടുംബാംഗങ്ങളെ കൂടുതൽ അടുപ്പിക്കുന്നതിനൊപ്പം കുട്ടികളെ കലാലോകത്തേക്ക് ആകർഷിക്കാനും സഹായിക്കുമെന്ന് സംഘാടകസമിതി അംഗം അഹമ്മദ് അബു എൽ നാഗ പറഞ്ഞു. മാതാപിതാക്കളും കുട്ടികളും ഒരുമിച്ച് കലാപരിപാടികൾ ആസ്വദിക്കുന്നത് മായാത്ത ഓർമകൾ സമ്മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിചിതമായ കഥകൾ പുതിയ അവതരണരീതികളിലൂടെ അവതരിപ്പിക്കുന്നത് കുട്ടികളിൽ ജിജ്ഞാസയും കലാപ്രേമവും വളർത്താൻ സഹായിക്കും. കലയെ ആസ്വദിക്കാനും അതിൽ സജീവമായി ഇടപെടാനും കുട്ടികൾക്ക് ഇത്തരം വേദികൾ പ്രചോദനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തത്സമയ അഭിനേതാക്കളെ കേന്ദ്രമാക്കിയുള്ള അവതരണത്തിലൂടെ മനുഷ്യന്റെ കലാപ്രകടനത്തെ മാറ്റിനിർത്താതെ സാങ്കേതികവിദ്യയ്ക്ക് നാടകാവിഷ്കാരത്തിൽ പുതിയ സാധ്യതകൾ തുറക്കാനാകുമെന്ന് ‘CINDY 3.0’ തെളിയിച്ചു.
നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്റർ ഷാർജയിൽ നടക്കുന്ന പുസ്തകമേളയിൽ 126 രാജ്യങ്ങളിൽനിന്നായി 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്നുണ്ട്. 17 ലക്ഷത്തിലേറെ പുസ്തകങ്ങളും 1,500 സാംസ്കാരിക, സർഗാത്മക പരിപാടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





