ഷാർജ: ചോക്ലേറ്റിന്റെയും മധുരപലഹാരങ്ങളുടെയും രൂപത്തിലുള്ള വിചിത്ര വേഷങ്ങളണിഞ്ഞ് സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുകയാണ് മിസ്റ്റർ മഫിനും മാഡം ചെറിയും. 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിലാണ് (SIBF 2026) ഈ വ്യത്യസ്ത കലാപ്രകടനം അരങ്ങേറുന്നത്.
|
കോകോ നിറത്തിലുള്ള വേഷങ്ങളിൽ തലപോലും കാണാനാകാത്ത വിധം എത്തിയ ഇരുവരും നൃത്തത്തിലൂടെയും നർമത്തിലൂടെയും കാണികളെ രസിപ്പിക്കുന്നു. പോർച്ചുഗീസ് കലാകാരന്മാരായ ആൻഡ്രെ ഡോസ് സാന്റോസ് വിയേരയും ഹെലേന റെയ്സുമാണ് മിസ്റ്റർ മഫിനും മാഡം ചെറിയുമായി വേഷമിടുന്നത്.
വേഷത്തിനുള്ളിൽ നിന്ന് എങ്ങനെയാണ് ഇവർ മുന്നിലുള്ള കാഴ്ചകൾ കാണുന്നതെന്നതാണ് സന്ദർശകരെ ഏറ്റവും കൂടുതൽ കൗതുകപ്പെടുത്തുന്നത്. ചിലർ ഇവർ മനുഷ്യരാണോ റോബോട്ടുകളാണോ എന്നുപോലും സംശയിക്കാറുണ്ടെന്ന് കലാകാരന്മാർ പറയുന്നു. ജീവിതത്തിന്റെ സന്തോഷമാണ് ചോക്ലേറ്റും മധുരപലഹാരങ്ങളും പ്രമേയമാക്കിയ വേഷങ്ങൾക്ക് പ്രചോദനമെന്ന് ആൻഡ്രെ പറഞ്ഞു. സന്തോഷവും മധുരവും നിറഞ്ഞ ദമ്പതികളായാണ് മിസ്റ്റർ മഫിനെയും മാഡം ചെറിയെയും ഹെലേന വിശേഷിപ്പിച്ചത്.
കുട്ടികളുമായി സംവദിക്കുന്ന ഈ പ്രകടനം ഏറെ രസകരമാണെന്ന് ഫിലിപ്പീൻസിൽ നിന്നുള്ള സന്ദർശകയായ മേരി ജെയ്ൻ പറഞ്ഞു. വേഷത്തിനുള്ളിൽ നിന്ന് ഇവർ എങ്ങനെയാണ് പുറത്തുള്ളവരെ കാണുന്നതെന്നറിയാൻ തനിക്ക് കൗതുകമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
പുസ്തകമേളയുടെ എല്ലാ ദിവസവും വിവിധ ഹാളുകളിലും ലോബികളിലുമായി ഇവരുടെ സഞ്ചരിക്കുന്ന കലാപ്രകടനങ്ങളുണ്ടാകും. സംഗീതപ്പെട്ടിയിലെ രാജകുമാരനെയും രാജകുമാരിയെയും അനുസ്മരിപ്പിക്കുന്ന മറ്റൊരു വേഷത്തിലും ഇരുവരും എത്തുന്നുണ്ട്.
കൂറ്റൻ കഥാപുസ്തകത്തിൽ നിന്ന് പുറത്തുവരുന്ന കഥാപാത്രങ്ങൾ, വർണാഭമായ നാടകീയ വേഷങ്ങൾ, സന്ദർശകരുമായി സംവദിക്കുന്ന വിവിധ കലാപ്രകടനങ്ങൾ എന്നിവയും ഇത്തവണത്തെ മേളയുടെ ആകർഷണങ്ങളാണ്.
ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ 12 ദിവസം നീളുന്ന പുസ്തകമേള നവംബർ 15 വരെ എക്സ്പോ സെന്റർ ഷാർജയിൽ തുടരും. 124 രാജ്യങ്ങളിൽ നിന്നായി 2,673 പ്രസാധകരും പ്രദർശകരുമാണ് മേളയിൽ പങ്കെടുക്കുന്നത്.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





