09
Nov 2026
Mon
09 Nov 2026 Mon
Sharjah Book Fair Turns Life Stories into Poems

ഷാർജ: ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവം പങ്കുവെക്കാൻ അഞ്ച് മിനിറ്റ്. അത് മനോഹരമായൊരു കവിതയാക്കി ടൈപ്പ് റൈറ്ററിൽ അച്ചടിച്ച് നൽകും. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ ‘ടെൽ മി എ സ്റ്റോറി’ (എന്നോട് ഒരു കഥ പറയൂ) എന്ന വേദിയാണ് സന്ദർശകർക്ക് വേറിട്ട സാഹിത്യാനുഭവം സമ്മാനിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമേരിക്കൻ കവയിത്രി ഷാന റോവർക്ക് ആണ് സന്ദർശകരുടെ ജീവിതാനുഭവങ്ങളെ ഇംഗ്ലീഷ് കവിതകളാക്കി മാറ്റുന്നത്. സന്ദർശകർ പറയുന്ന ഓർമകളും ജീവിതത്തിലെ നിർണായക നിമിഷങ്ങളും ശ്രദ്ധയോടെ കേട്ടശേഷം അവയെ തത്സമയം കവിതകളായി രൂപപ്പെടുത്തുന്നു. കവിതയുടെ രചനയിൽ അനുഭവം പങ്കുവെച്ച വ്യക്തിക്കും പങ്കാളിത്തമുണ്ട്. ന്യൂയോർക്കിൽ താമസിക്കുന്ന റോവർക്ക് ആദ്യമായാണ് ഷാർജയിലെത്തുന്നത്. മേളയിൽ പങ്കെടുത്തുതുടങ്ങിയതുമുതൽ ദിവസവും നിരവധി കവിതകൾ തയ്യാറാക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.

പഴയകാല എഴുത്തിന്റെ അന്തരീക്ഷം പുനഃസൃഷ്ടിച്ചാണ് വേദി ഒരുക്കിയിരിക്കുന്നത്. തടികൊണ്ടുള്ള അലമാരകളും ഊഷ്മളമായ വെളിച്ചവും നടുവിൽ ചുവന്ന ഒലിവെറ്റി വാലന്റൈൻ ടൈപ്പ് റൈറ്ററും ശ്രദ്ധേയമാണ്. മഞ്ഞനിറത്തിലുള്ള കടലാസുകളിൽ കവിത ടൈപ്പ് ചെയ്തശേഷം താളുകൾ ഒരുമിച്ച് ചേർത്ത് നൂൽകൊണ്ട് ബന്ധിപ്പിച്ചാണ് സന്ദർശകർക്ക് നൽകുന്നത്. ഭർത്താവിനൊപ്പം 26 വർഷത്തെ ദാമ്പത്യജീവിതത്തിനുശേഷം അദ്ദേഹത്തെ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ അനുഭവം തന്നെ ഏറെ സ്വാധീനിച്ചതായി റോവർക്ക് പറഞ്ഞു. വിരഹവേദന മറികടക്കാനും മനസ്സിന് ആശ്വാസം കണ്ടെത്താനും സഹായിക്കുന്ന ഉപദേശം ഉൾക്കൊള്ളുന്ന കവിതയായിരുന്നു അവർ ആവശ്യപ്പെട്ടത്. ആറു വർഷത്തെ കവിതാരചനാ ജീവിതത്തിൽ ഇതുപോലൊരു അഭ്യർഥന നേരിട്ടിട്ടില്ലെന്നും ആഴമേറിയ ജീവിതാനുഭവം വലിയ മാനുഷികവും സർഗാത്മകവുമായ വെല്ലുവിളിയായിരുന്നുവെന്നും അവർ വ്യക്തമാക്കി.

സന്ദർശകരുടെ ഓർമകളും വികാരങ്ങളും കവിതകളായി മാറുന്ന ഈ വേദി സംസാരത്തിലൂടെയും ശ്രദ്ധയോടെയുള്ള കേൾവിയിലൂടെയും ആരംഭിച്ച് സ്വന്തമായി സൂക്ഷിക്കാവുന്ന കവിതയിൽ അവസാനിക്കുന്നു. പുസ്തകമേളയിലെ സന്ദർശനത്തിന്റെ ഓർമയ്ക്കൊപ്പം സ്വന്തം ജീവിതത്തിലെ ഒരു അനുഭവം കവിതയായി കൊണ്ടുപോകാനും ഇതിലൂടെ അവസരമൊരുങ്ങുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക