10
Nov 2026
Tue
10 Nov 2026 Tue
Sharjah Ruler raises marriage grant salary ceiling to Dh50,000

വിവാഹവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി വിവാഹ ധനസഹായത്തിനുള്ള ശമ്പള പരിധി ഉയർത്തി ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഭരണാധികാരിയുടെ കോടതിവഴി നൽകുന്ന വിവാഹ ധനസഹായത്തിന് ഇനി പ്രതിമാസം 50,000 ദിർഹമോ അതിൽ താഴെയോ ശമ്പളമുള്ളവർക്ക് അർഹതയുണ്ടാകും. നേരത്തേ ഇത് 30,000 ദിർഹമായിരുന്നു. കൂടുതൽ യുവ എമിറാത്തികൾക്ക് വിവാഹ ധനസഹായം ലഭ്യമാക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാർജ റേഡിയോ ആൻഡ് ടെലിവിഷനിലെ ‘അൽ ഖത്ത് അൽ മുബാഷിർ’ എന്ന പരിപാടിയിൽ ഒരു ശ്രോതാവ് ഉന്നയിച്ച അഭ്യർഥനയ്ക്ക് മറുപടിയായാണ് ഭരണാധികാരി പുതിയ നിർദേശം പ്രഖ്യാപിച്ചത്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന യുവ എമിറാത്തികൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനായി ഷാർജ സർക്കാർ നേരത്തെയും വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വിവാഹവുമായി ബന്ധപ്പെട്ട് എട്ടുദിവസത്തെ അവധിയും അനുവദിച്ചിരുന്നു.

പ്രസവശേഷം തുടർച്ചയായ പരിചരണം ആവശ്യമുള്ള രോഗബാധിതരോ ഭിന്നശേഷിക്കാരായോ കുട്ടികളുള്ള വനിതാ ജീവനക്കാർക്കായി പ്രത്യേക പരിചരണ അവധിയും ഷാർജ സർക്കാർ അനുവദിച്ചിട്ടുണ്ട്. പ്രസവാവധി പൂർത്തിയായ ശേഷമാണ് ഈ അവധി ലഭിക്കുക. ആവശ്യാനുസരണം വർഷംതോറും പുതുക്കി പരമാവധി മൂന്ന് വർഷം വരെ അവധി നീട്ടാനും വ്യവസ്ഥയുണ്ട്.

അതേസമയം, ഷാർജയിലെ 1,100 പൗരകുടുംബങ്ങൾക്കായി പുതിയ ഭവനസഹായ പദ്ധതിക്കും നവംബർ 10ന് ഭരണാധികാരിയുടെ നിർദേശപ്രകാരം അംഗീകാരം നൽകി. ഇതിൽ 500 കുടുംബങ്ങൾക്കാണ് ഭവനവായ്പാ വിഭാഗത്തിൽ സഹായം ലഭിക്കുക. ഷാർജ നഗരത്തിൽ 290 കുടുംബങ്ങൾക്കും മധ്യമേഖലയിൽ 35 കുടുംബങ്ങൾക്കും ഖോർഫക്കാനിൽ 75 കുടുംബങ്ങൾക്കും കൽബയിൽ 65 കുടുംബങ്ങൾക്കും ദിബ്ബ അൽ ഹിസ്നിൽ 35 കുടുംബങ്ങൾക്കുമാണ് വായ്പാ സഹായം അനുവദിച്ചിരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക