ഷാർജ: 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ (SIBF 2026) നടന്ന പൊതുവിജ്ഞാന ക്വിസ് മത്സരത്തിൽ കുട്ടികളെയും മുതിർന്നവരെയും പിന്നിലാക്കി 11കാരനായ സിറിയൻ ബാലൻ ആദം അൽ മിഖ്ദാദ് വിജയിയായി. ലെബനീസ് കണ്ടന്റ് ക്രിയേറ്ററും ഡിജിറ്റൽ സംരംഭകനുമായ റോബർട്ട് അക്രൂഷാണ് മത്സരം നയിച്ചത്.
|
മേളയിലെ സോഷ്യൽ മീഡിയ സ്റ്റേഷനിൽ ‘കാൻ യു ബീറ്റ് ദ ചലഞ്ച്? എ ലൈവ് ക്വിസ് വിത്ത് റോബ് ക്വിസ്’ എന്ന പേരിലായിരുന്നു പരിപാടി. ഭൂമിശാസ്ത്രം, ജീവശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ചോദ്യങ്ങളാണ് മത്സരാർഥികൾക്ക് നൽകിയത്. വിവിധ പ്രായത്തിലുള്ളവരുമായി നിരവധി റൗണ്ടുകളിൽ മത്സരിച്ചാണ് അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം മേളയിലെത്തിയ ആദം വിജയം നേടിയത്.
വിനോദത്തിലൂടെ പഠനം പ്രോത്സാഹിപ്പിക്കുകയും പുതിയ കാര്യങ്ങൾ അറിയാനുള്ള കൗതുകം വളർത്തുകയുമാണ് ക്വിസിന്റെ ലക്ഷ്യമെന്ന് റോബർട്ട് അക്രൂഷ് പറഞ്ഞു. രസകരമായ രീതിയിൽ അറിവ് നേടുന്നതിനൊപ്പം കൂടുതൽ ചോദ്യങ്ങൾ ചോദിക്കാനും പുതിയ വിഷയങ്ങൾ അന്വേഷിക്കാനും ആളുകളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അറബ് ലോകത്ത് ശ്രദ്ധേയനായ റോബർട്ടിന്റെ ‘റോബ്ക്വിസ്’ ആപ്പിൽ വിവിധ വിഷയങ്ങളിലുള്ള അറബി ഭാഷാ ക്വിസ് മത്സരങ്ങളുണ്ട്. ‘ഹു വാണ്ട്സ് ടു ബി എ മില്യണയർ’ മാതൃകയിലുള്ള ക്വിസ് ഉൾപ്പെടെ ഇതിലൂടെ ലഭ്യമാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





