10
Nov 2026
Tue
10 Nov 2026 Tue
A conversation with literary legends AI makes it possible at SIBF 2026

കാലത്തിന് പിന്നിലേക്ക് സഞ്ചരിച്ച് ഇഷ്ടപ്പെട്ട എഴുത്തുകാരെ നേരിൽ കാണാനും അവരുമായി സംസാരിക്കാനും അവസരമൊരുക്കി 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ എഐ ഫോട്ടോ ബൂത്ത്. ഷാർജ ബുക്ക് അതോറിറ്റി ഒരുക്കിയ ഈ സംവേദനാത്മക സംവിധാനത്തിലൂടെ അമേരിക്കൻ നോവലിസ്റ്റ് എഡിത്ത് വാർട്ടൺ, ഈജിപ്ഷ്യൻ കവി അഹമ്മദ് ഷൗഖി, ലബനീസ്-അമേരിക്കൻ എഴുത്തുകാരൻ ഖലീൽ ജിബ്രാൻ തുടങ്ങിയ പ്രമുഖ സാഹിത്യകാരന്മാരുടെ എഐ രൂപങ്ങളുമായി സന്ദർശകർക്ക് സംസാരിക്കാം. തിരഞ്ഞെടുക്കുന്ന സാഹിത്യകാരനുമായി ആകെ നാല് മിനിറ്റാണ് ചെലവഴിക്കാനാകുക. ഇതിൽ രണ്ട് മിനിറ്റ് എഐ രൂപവുമായി ഫോൺ സംഭാഷണത്തിനും ശേഷിക്കുന്ന രണ്ട് മിനിറ്റ് ഒരുമിച്ചുള്ള ഫോട്ടോ എടുക്കുന്നതിനുമാണ്. സൗജന്യമായി ലഭിക്കുന്ന ഈ സൗകര്യം നവംബർ 15 വരെ മേളയിലുണ്ടാകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വായനക്കാർക്ക് തങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരുമായും കവികളുമായും സംവദിക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയ്യാറാക്കിയതെന്ന് ബൂത്തിന്റെ ഡിസൈനർ ഇവാൻ പറഞ്ഞു. വർഷങ്ങളായി വായിച്ചും ആരാധിച്ചും പോരുന്ന സാഹിത്യകാരന്മാരോട് ചോദ്യങ്ങൾ ചോദിക്കാനും അവരുടെ എഐ രൂപങ്ങളുമായി സംവദിക്കാനും കഴിയുന്നത് സാഹിത്യത്തെ കൂടുതൽ വ്യക്തിപരമായ അനുഭവമാക്കുകയാണ്. ഷാർജ സ്വദേശിയായ വിദ്യാർഥി മഹ്മൂദ് ഈജിപ്ഷ്യൻ കവി അഹമ്മദ് ഷൗഖിയെയാണ് തിരഞ്ഞെടുത്തത്. കവിതകൾ ഏറെ ഇഷ്ടപ്പെടുന്ന തനിക്ക് അദ്ദേഹത്തെ കണ്ടുമുട്ടണമെന്ന ആഗ്രഹം ഏറെക്കാലമായുണ്ടായിരുന്നുവെന്നും ഈ അനുഭവം ഏറെ സന്തോഷം നൽകിയെന്നും മഹ്മൂദ് പറഞ്ഞു. കവിതകൾ എഴുതുന്ന രീതിയെക്കുറിച്ചും രചനാപ്രക്രിയയെക്കുറിച്ചുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യങ്ങൾ.

മേളയുടെ ഉദ്ഘാടനദിവസം തന്നെ 150-ലേറെ പേർ എഐ ഫോട്ടോ ബൂത്ത് ഉപയോഗിച്ചതായി പദ്ധതിയുമായി സഹകരിക്കുന്ന അമ്രോ പറഞ്ഞു. സന്ദർശകർ അനുഭവം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കുവയ്ക്കുന്നതോടെ ബൂത്തിന് കൂടുതൽ പ്രചാരം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇഷ്ടപ്പെട്ട സാഹിത്യകാരനുമായി രണ്ട് മിനിറ്റ് സംസാരിക്കാനും തുടർന്ന് അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോയുടെ ഡിജിറ്റൽ ഓർമ സ്വന്തമാക്കാനും കഴിയുന്നത് സന്ദർശകർക്ക് മറക്കാനാകാത്ത അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക