11
Nov 2026
Wed
11 Nov 2026 Wed
Why Readers Are Fascinated by Villains in Fiction

ഷാർജ: നോവലുകളിലെ ദുഷ്ടരും നാർസിസിസ്റ്റുകളുമായ കഥാപാത്രങ്ങളോട് വായനക്കാർക്ക് തോന്നുന്ന പ്രത്യേക താൽപര്യത്തെക്കുറിച്ച് ചർച്ച ചെയ്ത് അമേരിക്കൻ എഴുത്തുകാരി കാരൻ ഡിയോണും ബ്രിട്ടീഷ് എഴുത്തുകാരി എലിസബത്ത് മൂറും. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിച്ച സംവാദത്തിലാണ് സാഹിത്യത്തിലെ ദുഷ്ട കഥാപാത്രങ്ങളുടെ മനഃശാസ്ത്രവും അവയുടെ ആകർഷണവും ചർച്ചയായത്. ഭയവും വെറുപ്പും ഉളവാക്കുന്ന ഇത്തരം കഥാപാത്രങ്ങളിലേക്ക് വായനക്കാർ ആകർഷിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നും അവരുടെ പ്രവർത്തനങ്ങൾക്ക് പിന്നിലെ മാനസികാവസ്ഥ എന്താണെന്നും എഴുത്തുകാർ വിശദീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘അപകടകരമായ മനസ്സുകളുടെ ആഴങ്ങളിൽ: ദുഷ്ടതയും നാർസിസിസവും അവയോടുള്ള നമ്മുടെ ആകർഷണവും’ എന്ന വിഷയത്തിലായിരുന്നു സംവാദം. ‘ഡോട്ടർ ഓഫ് ദി സ്വാംപ് കിങ്’, ‘ഈവിൾ സിസ്റ്റർ’ എന്നീ സൈക്കോളജിക്കൽ ത്രില്ലറുകളുടെ രചയിതാവായ കാരൻ ഡിയോണും ‘ദ മാൻ ഇൻ ദ മിഡിൽ ഫ്ലോർ’ എന്ന നോവലിന്റെ രചയിതാവും മാധ്യമപ്രവർത്തകയുമായ എലിസബത്ത് മൂറും പങ്കെടുത്തു. ദുഷ്ട കഥാപാത്രങ്ങളോടുള്ള താൽപര്യം അവരുടെ പ്രവൃത്തികളെ അംഗീകരിക്കുന്നതല്ലെന്നും മനുഷ്യ മനസ്സിന്റെ സങ്കീർണതകൾ മനസ്സിലാക്കാനുള്ള ജിജ്ഞാസയാണ് അതിന് പിന്നിലെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

ദുഷ്ട കഥാപാത്രങ്ങളെ വിശ്വസനീയമായി അവതരിപ്പിക്കാൻ അവരുടെ മാനസികാവസ്ഥയും പെരുമാറ്റത്തിന് പിന്നിലെ കാരണങ്ങളും ആഴത്തിൽ മനസ്സിലാക്കണമെന്ന് കാരൻ ഡിയോൺ പറഞ്ഞു. ‘ഡോട്ടർ ഓഫ് ദി സ്വാംപ് കിങ്’ എന്ന നോവലിലെ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി വർഷങ്ങളോളം തടവിൽ പാർപ്പിക്കുന്ന പിതാവിന്റെ കഥാപാത്രം ഇതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടി. സഹാനുഭൂതിയില്ലാത്ത, കുടുംബത്തെ നിയന്ത്രിക്കാനും സ്വന്തം മേൽക്കോയ്മ സ്ഥാപിക്കാനും ശ്രമിക്കുന്ന നാർസിസിസ്റ്റായാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വായനക്കാരെ ഞെട്ടിക്കുക മാത്രമല്ല, കഥാപാത്രങ്ങളെയും മനുഷ്യസ്വഭാവത്തെയും മനസ്സിലാക്കാൻ സഹായിക്കുക എന്നതായിരിക്കണം സാഹിത്യത്തിലെ അക്രമത്തിന്റെയും ക്രൂരതയുടെയും അവതരണത്തിന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.

ദുഷ്ടസ്വഭാവമുള്ള ആളുകൾ നമ്മുടെ കുടുംബത്തിലും ജോലിസ്ഥലത്തും സാമൂഹിക ബന്ധങ്ങളിലുമൊക്കെ ഉണ്ടാകാമെന്ന് എലിസബത്ത് മൂർ പറഞ്ഞു. അവരുടെ യഥാർഥ പ്രേരണകളും വ്യക്തിത്വത്തെ രൂപപ്പെടുത്തിയ അനുഭവങ്ങളും പലപ്പോഴും നമുക്ക് അറിയാൻ കഴിയില്ല. ഇരുണ്ട സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ മുൻകൂട്ടി പരിധികൾ നിശ്ചയിക്കാറില്ലെന്നും വായനക്കാർക്ക് ആ കഥാപാത്രങ്ങളോട് ഇഷ്ടം തോന്നണമെന്ന നിബന്ധനയില്ലെന്നും അവർ വ്യക്തമാക്കി. കുട്ടിക്കാലത്തെ കഥകളിലെ ഭയത്തിന്റെയും അക്രമത്തിന്റെയും അവതരണം, നഗരജീവിതത്തിലെ ഏകാന്തത, സങ്കീർണമായ മനുഷ്യബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ ഇടംപിടിച്ചു.

വായനക്കാരെ അവസാന പേജ് വരെ ആകാംക്ഷയോടെ നിലനിർത്തുന്നതിൽ അപ്രതീക്ഷിത സംഭവവികാസങ്ങൾക്കും സങ്കീർണമായ കഥാഗതിക്കും വലിയ പങ്കുണ്ടെന്ന് കാരൻ ഡിയോൺ പറഞ്ഞു. കഥാപാത്രങ്ങളുടെ സ്വഭാവത്തിന് യോജിക്കുന്ന രീതിയിൽ അപ്രതീക്ഷിതമായ തീരുമാനങ്ങളും പ്രവർത്തനങ്ങളും അവതരിപ്പിക്കുകയാണ് താൻ ചെയ്യുന്നതെന്നും അവർ വിശദീകരിച്ചു. ലളിതമായൊരു കഥയായി ആരംഭിക്കുന്ന രചന പലപ്പോഴും കഥാപാത്രങ്ങളുടെ വളർച്ചയോടെ കൂടുതൽ സങ്കീർണമായ വഴികളിലേക്ക് നീങ്ങുമെന്ന് എലിസബത്ത് മൂറും പറഞ്ഞു. കഥാപാത്രങ്ങളുടെ ചിന്തകളും പ്രവൃത്തികളുടെ കാരണങ്ങളും മുൻകൂട്ടി നിരീക്ഷിച്ച് മനസ്സിലാക്കുന്നതാണ് എഴുത്തിന്റെ പ്രധാന ഭാഗമെന്നും അവർ കൂട്ടിച്ചേർത്തു. ദുഷ്ട കഥാപാത്രങ്ങളുടെ ആകർഷണം അവരുടെ ക്രൂരതയിലല്ല, മറിച്ച് മനുഷ്യ മനസ്സിലെ ഒളിഞ്ഞിരിക്കുന്ന പ്രേരണകളും വൈരുധ്യങ്ങളും തുറന്നുകാട്ടാനുള്ള അവരുടെ കഴിവിലാണെന്ന് സംവാദം വിലയിരുത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക