11
Nov 2026
Wed
11 Nov 2026 Wed
Translating Arabic literature is only half the battle experts say at SIBF 2026

സാഹിത്യവിവർത്തനം എന്നത് ഒരു ഭാഷയിലെ വാക്കുകൾക്ക് മറ്റൊരു ഭാഷയിൽ തത്തുല്യമായ പദങ്ങൾ കണ്ടെത്തുക മാത്രമല്ലെന്നും അതത് സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും രാഷ്ട്രീയ പശ്ചാത്തലത്തിന്റെയും അർഥതലങ്ങൾകൂടി ഉൾക്കൊള്ളേണ്ടതുണ്ടെന്നും പണ്ഡിതരും വിവർത്തകരും. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കിതാബ് മാഗസിൻ സംഘടിപ്പിച്ച ചർച്ചയിലാണ് വിദഗ്ധർ ഇക്കാര്യം വ്യക്തമാക്കിയത്. അലി അൽ അമീരി മോഡറേറ്ററായ സെഷനിൽ ഡോ. സഫാ ജുബ്രാൻ, ഡോ. മുഹമ്മദ് ദാഹി, ഡോ. സന ദർഗ്മൂനി, ഹൈതം ഹുസൈൻ എന്നിവർ അറബി സാഹിത്യത്തിന്റെ അന്താരാഷ്ട്ര വിവർത്തനരംഗത്തെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അറബിയിൽനിന്ന് പോർച്ചുഗീസ് ഭാഷയിലേക്ക് സാഹിത്യകൃതികൾ വിവർത്തനം ചെയ്യുന്ന ലെബനീസ്-ബ്രസീലിയൻ അക്കാദമിക് വിദഗ്ധയായ ഡോ. സഫാ ജുബ്രാൻ, വിവർത്തനത്തിൽ കൃതിയുടെ ആത്മാവും സാംസ്കാരിക-രാഷ്ട്രീയ അർഥങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. വാക്കുകൾക്ക് തുല്യമായ പദങ്ങൾ കണ്ടെത്തുന്നതിലുപരി അവയുടെ പശ്ചാത്തലവും അവ രൂപംകൊണ്ട ലോകവും വായനക്കാരിലേക്ക് എത്തിക്കുകയാണ് വിവർത്തനത്തിന്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു. നജീബ് മഹ്ഫൂസിന്റെ കൃതികൾ ഫ്രഞ്ചിലേക്ക് വിവർത്തനം ചെയ്തതടക്കമുള്ള ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയ ഡോ. മുഹമ്മദ് ദാഹി, അറബി സാഹിത്യത്തെ വിദേശ വായനക്കാർക്ക് പരിചയപ്പെടുത്തുന്നതിൽ അറബ് ബുദ്ധിജീവികൾക്കും പാശ്ചാത്യ രാജ്യങ്ങളിൽ വിദ്യാഭ്യാസം നേടിയ പ്രവാസി സമൂഹത്തിനും വിവർത്തകർക്കും വലിയ പങ്കുണ്ടെന്ന് വ്യക്തമാക്കി.

അറബ് സമൂഹങ്ങളെ യൂറോപ്യൻ സംസ്കാരത്തിൽനിന്ന് തികച്ചും വ്യത്യസ്തമായോ വിചിത്രമായോ ചിത്രീകരിക്കുന്ന പഴയ ധാരണകൾ മാറ്റുന്നതിൽ സാഹിത്യവിവർത്തനം നിർണായകമാണെന്ന് ഡോ. സന ദർഗ്മൂനി അഭിപ്രായപ്പെട്ടു. അറബി സാഹിത്യത്തിലെ വൈവിധ്യവും മനുഷ്യാനുഭവങ്ങളുടെ പൊതുസ്വഭാവവും ലോകത്തിന് മുന്നിലെത്തിക്കാൻ വിവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു. സാഹിത്യ പുരസ്കാരങ്ങൾ അറബ് എഴുത്തുകാർക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുക്കുന്നുണ്ടെങ്കിലും പ്രസാധകരുടെ താൽപര്യങ്ങളും വാണിജ്യസാധ്യതകളും വിവർത്തകരുടെ കാഴ്ചപ്പാടുകളും ഏത് കൃതികൾ വിവർത്തനം ചെയ്യപ്പെടണമെന്ന് തീരുമാനിക്കുന്നതിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

വിവർത്തനം ചെയ്ത പുസ്തകങ്ങൾ ലക്ഷ്യമിടുന്ന വായനക്കാരിലേക്ക് എത്തിക്കുന്നതും പ്രധാന വെല്ലുവിളിയാണെന്ന് കുർദിഷ്-സിറിയൻ നോവലിസ്റ്റും വിവർത്തകനുമായ ഹൈതം ഹുസൈൻ പറഞ്ഞു. മികച്ച അറബി കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടും വേണ്ടത്ര വായനക്കാരെയും അംഗീകാരവും ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവർത്തനത്തിനൊപ്പം പുസ്തകങ്ങളുടെ പ്രചാരണം, വിതരണശൃംഖല, സാഹിത്യവിമർശനം എന്നിവയ്ക്കും പ്രാധാന്യം നൽകണം. നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്റർ ഷാർജയിൽ നടക്കുന്ന പുസ്തകമേളയിൽ 126 രാജ്യങ്ങളിൽനിന്നായി 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്നുണ്ട്. ‘മെയ്ഡ് ഓഫ് സ്റ്റോറീസ്’ എന്ന പ്രമേയത്തിൽ നടക്കുന്ന മേളയിൽ 17 ലക്ഷത്തിലധികം പുസ്തകങ്ങളും 25 രാജ്യങ്ങളിൽനിന്നുള്ള 106 അതിഥികൾ പങ്കെടുക്കുന്ന 1,500 സാംസ്കാരിക-സാഹിത്യ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഒമാനാണ് ഈ വർഷത്തെ അതിഥി രാജ്യം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക