റോബോട്ടുകളെ സ്വയം നിർമിക്കുകയും അവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പ്രോഗ്രാമിങ് പഠിക്കുകയും ചെയ്ത് കുട്ടികൾ. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ (SIBF 2026) ഞായറാഴ്ച സംഘടിപ്പിച്ച ‘റോബോട്ടിക്സ് ഫോർ കിഡ്സ്’ എന്ന ശിൽപശാലയിലാണ് യുവ സാങ്കേതികവിദ്യാ തൽപരർക്ക് വേറിട്ട അനുഭവം ലഭിച്ചത്.
|
ലെഗോ എജ്യുക്കേഷൻ സ്പൈക്ക് (LEGO Education SPIKE) കിറ്റുകൾ ഉപയോഗിച്ചായിരുന്നു പരിശീലനം. യന്ത്രഭാഗങ്ങൾ, മോട്ടോറുകൾ, സെൻസറുകൾ, പ്രോഗ്രാമിങ് സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ച് കുട്ടികൾ സ്വന്തം റോബോട്ടുകളെ നിർമിച്ചു. ഓരോ ഭാഗവും കൂട്ടിച്ചേർത്ത് ഇലക്ട്രോണിക് ഘടകങ്ങൾ ബന്ധിപ്പിക്കുകയും റോബോട്ടുകളെ പ്രവർത്തിപ്പിക്കാനുള്ള കോഡിങ് പരീക്ഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
റോബോട്ടുകളുടെ നിർമാണം പൂർത്തിയാക്കിയശേഷം അവയുടെ ചലനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കമാൻഡുകൾ കുട്ടികൾ സ്വയം തയ്യാറാക്കി. പ്രോഗ്രാമിങ്ങിലൂടെ നൽകിയ നിർദേശങ്ങൾ യന്ത്രങ്ങളുടെ ചലനങ്ങളായി മാറുന്നത് നേരിട്ട് മനസ്സിലാക്കാനും വിവിധ പരീക്ഷണങ്ങളിലൂടെ കോഡിങ്ങിലെ കഴിവുകൾ മെച്ചപ്പെടുത്താനും അവർക്ക് അവസരം ലഭിച്ചു.
വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികൾക്കായി വിവിധ സെഷനുകളായാണ് ശിൽപശാല സംഘടിപ്പിച്ചത്. ഓരോ പ്രായക്കാർക്കും അവരുടെ കഴിവുകൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് ഒരുക്കിയത്. ചെറുപ്രായത്തിൽ തന്നെ റോബോട്ടിക്സ് പരിചയപ്പെടുന്നത് കുട്ടികളുടെ യുക്തിചിന്ത, സ്ഥലബോധം, പ്രശ്നപരിഹാര ശേഷി എന്നിവ വളർത്താൻ സഹായിക്കുമെന്ന് ശിൽപശാലയ്ക്ക് നേതൃത്വം നൽകിയ ഒമർ അൽ സുബി പറഞ്ഞു.
റോബോട്ടിന്റെ വിവിധ ഘടകങ്ങൾ എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാനും സ്വന്തം ആശയങ്ങൾ പ്രോഗ്രാമിങ്ങിലൂടെ പരീക്ഷിക്കാനും ഇത്തരം പരിശീലനങ്ങൾ കുട്ടികളെ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സാങ്കേതികവിദ്യയെ മനസ്സിലാക്കാനും സ്വന്തമായി സൃഷ്ടിക്കാനും നിയന്ത്രിക്കാനും കഴിയുന്ന ഒന്നായി കുട്ടികൾ കാണണമെന്നാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്റർ ഷാർജയിലാണ് പുസ്തകമേള നടക്കുന്നത്. ‘മെയ്ഡ് ഓഫ് സ്റ്റോറീസ്’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മേളയിൽ ഒമാനാണ് അതിഥി രാജ്യം. 126 രാജ്യങ്ങളിൽനിന്നായി 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്ന മേളയിൽ 17 ലക്ഷത്തിലധികം പുസ്തകങ്ങളുണ്ട്. 25 രാജ്യങ്ങളിൽനിന്നുള്ള 106 അതിഥികൾ പങ്കെടുക്കുന്ന 1,500 സാംസ്കാരിക, സർഗാത്മക, കലാപരിപാടികളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക



