യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഇരട്ട സഹോദരങ്ങളായ മുഹമ്മദ് അസ്‌മിലിന്റെയും മിസ്‌ന ജുബിന്റെയും മൂന്ന് വയസ്സുകാരനായ സഹോദരീപുത്രന്റെയും ഖബറടക്കം നടന്നു. വെള്ളിയാഴ്ച ഫുജൈറയിലെ പഴയ ഇത്തിസലാത്ത് പള്ളിയിൽ ജുമുഅ നമസ്കാരത്തിന് ശേഷമാണ് മയ്യിത്ത് നമസ്കാരവും ഖബറടക്കവും നടത്തിയത്.
|
ബുധനാഴ്ച രാത്രി 10.45ഓടെയാണ് കുടുംബം സഞ്ചരിച്ചിരുന്ന ടൊയോട്ട ഫോർച്യൂണർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഷാർജയിൽ ഒരു കുടുംബാംഗത്തെ ഇറക്കിയശേഷം മടങ്ങുന്നതിനിടെയായിരുന്നു ദുരന്തം. 21 വയസ്സുള്ള ഇരട്ടകളായ മുഹമ്മദ് അസ്‌മിലും മിസ്‌ന ജുബിനും ഇവരുടെ സഹോദരിയുടെ മൂന്ന് വയസ്സുള്ള മകനുമാണ് അപകടത്തിൽ മരിച്ചത്.
മരിച്ച കുട്ടിയുടെ മാതാവും ഇരട്ടകളുടെ മൂത്ത സഹോദരിയുമായ ഫർസാന ഉൾപ്പെടെ കുടുംബത്തിലെ നാലുപേർക്ക് അപകടത്തിൽ പരിക്കേറ്റു. സിദ്ദീഖിന്റെ ഭാര്യ അരീഫയ്ക്കും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മതിയായ സുരക്ഷിത അകലം പാലിക്കാത്തതാണ് അപകടകാരണമെന്ന് ഫുജൈറ പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
1980-കൾ മുതൽ ഫുജൈറയിൽ കഫറ്റീരിയയും റെസ്റ്റോറന്റും നടത്തിവരുന്ന സിദ്ദീഖിന്റെ മക്കളാണ് മുഹമ്മദ് അസ്‌മിലും മിസ്‌നയും. നാല് മക്കളിൽ ഏറ്റവും ഇളയവരായിരുന്നു ഇരുവരും. പിതാവിന്റെ കഫറ്റീരിയയിൽ സ്ഥിരമായി സഹായിച്ചിരുന്ന മുഹമ്മദ് ഫുജൈറയിലെ മലയാളി സമൂഹത്തിന് സുപരിചിതനായിരുന്നു. കഫറ്റീരിയയിലെത്തുന്നവരോട് പുഞ്ചിരിയോടെ സംസാരിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്തിരുന്ന മുഹമ്മദിന്റെ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്ന് കുടുംബസുഹൃത്ത് പറഞ്ഞു.
സിദ്ദീഖിന്റെ ചികിത്സയ്ക്കായി അടുത്തിടെ കുടുംബം നാട്ടിലെത്തിയിരുന്നു. ചികിത്സ പൂർത്തിയാക്കി കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവർ യുഎഇയിലേക്ക് മടങ്ങിയെത്തിയത്. തിരിച്ചെത്തി ദിവസങ്ങൾക്കുള്ളിലുണ്ടായ അപകടം കുടുംബത്തെയും പ്രവാസി സമൂഹത്തെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





