15
Nov 2026
Sun
15 Nov 2026 Sun
Fathia Al Nimr on Imagination in Fiction

സാഹിത്യരചനകൾ യാഥാർഥ്യത്തിൽനിന്നും ജീവിതാനുഭവങ്ങളിൽനിന്നുമാണ് രൂപപ്പെടുന്നതെങ്കിലും അവയുടെ പുനരാവിഷ്കരണം ഭാവനയിലൂടെയാകണമെന്ന് എമിറാത്തി എഴുത്തുകാരി ഫാത്തിയ അൽ നിമർ. യാഥാർഥ്യത്തെ അതേപടി പകർത്തുന്നതിലുപരി അതിനെ പുനർനിർമിക്കുകയും പുതിയ സാധ്യതകൾ അന്വേഷിക്കുകയും വേണം. ആഴത്തിലുള്ള മാനസിക സംഘർഷങ്ങളും സങ്കീർണതകളുമുള്ള കഥാപാത്രങ്ങളാണ് മികച്ച രചനകളുടെ കരുത്തെന്നും അവർ പറഞ്ഞു. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ‘നോവലുകൾ ഉയർത്തുന്ന ചോദ്യങ്ങളും അർഥത്തിന്റെ തലങ്ങളും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. മോന അൽ ദഹൂരി മോഡറേറ്ററായ സെഷനിൽ ഫാത്തിയയുടെ ‘അൽ വസിയ്യ’ എന്ന ചെറുകഥാസമാഹാരത്തെക്കുറിച്ച് ഡോ. അബീർ അൽ ഹൊസാനി നിരൂപണവും അവതരിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാർജ പുസ്തകമേളയ്ക്കായി ഓരോ വർഷവും കാത്തിരിക്കാറുണ്ടെന്നും എഴുത്തുകാരെയും വായനക്കാരെയും നേരിൽ കാണാനുള്ള അവസരമാണ് മേളയെന്നും ഫാത്തിയ പറഞ്ഞു. ഒരു നോവൽ പൂർത്തിയാക്കാൻ ഏകദേശം ഒരു വർഷവും ചെറുകഥാസമാഹാരത്തിന് നാലു മുതൽ ആറു മാസം വരെയും വേണ്ടിവരും. പുതിയ എഴുത്തുകാർക്ക് പ്രസാധകർ കൂടുതൽ പിന്തുണ നൽകണമെന്നും കൈയെഴുത്തുപ്രതികൾ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിന്റെ കാരണങ്ങൾ വ്യക്തമായി അറിയിക്കുന്നത് അവരുടെ വളർച്ചയ്ക്ക് സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു. യഥാർഥ ജീവിതത്തിലെ സംഭവങ്ങളും വ്യക്തികളും പ്രചോദനമാകുന്ന കഥകളെ ഭാവനയിലൂടെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുകയാണ് തന്റെ രചനാരീതിയെന്നും വ്യക്തമാക്കി.

കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിന് മുമ്പ് ആശയങ്ങൾ പാകപ്പെടാൻ സമയം നൽകാറുണ്ടെന്നും പിന്നീട് കഥാസന്ദർഭങ്ങൾ, കഥാപാത്രങ്ങളുടെ പേരുകൾ, സ്വഭാവങ്ങൾ, സംഘർഷങ്ങൾ എന്നിവ ഉൾപ്പെടുത്തി മനസ്സിൽ ഒരു രൂപരേഖ തയ്യാറാക്കുമെന്നും ഫാത്തിയ വിശദീകരിച്ചു. കഥാപാത്രങ്ങളുടെ ബാഹ്യരൂപത്തിനൊപ്പം അവരുടെ ഭയങ്ങൾ, മാനസിക സംഘർഷങ്ങൾ, ആന്തരിക വൈരുധ്യങ്ങൾ എന്നിവയും ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. താൻ കണ്ടുമുട്ടിയവരിൽനിന്നും കേട്ടറിഞ്ഞവരിൽനിന്നും ഭാവനയിൽ സൃഷ്ടിച്ചവരിൽനിന്നുമാണ് കഥാപാത്രങ്ങൾക്ക് രൂപം നൽകുന്നത്. മാനസിക സങ്കീർണതകളുള്ള കഥാപാത്രങ്ങൾ കഥയുടെ വികാസത്തിന് കൂടുതൽ സാധ്യതകൾ നൽകുന്നുവെന്നും അവർ പറഞ്ഞു.

‘അൽ വസിയ്യ’യെക്കുറിച്ചുള്ള നിരൂപണത്തിൽ ഡോ. അബീർ അൽ ഹൊസാനി കഥാപാത്രങ്ങളുടെ മാനസിക ആഴവും സാമൂഹിക വിഷയങ്ങളുടെ അവതരണവും ആഖ്യാനരീതികളിലെ വൈവിധ്യവും എടുത്തുപറഞ്ഞു. വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള വൈരുധ്യം, അസൂയ, സംശയരോഗം, നിഷേധം, കുറ്റബോധം തുടങ്ങിയ മാനസികാവസ്ഥകൾ മനുഷ്യബന്ധങ്ങളെ സ്വാധീനിക്കുന്ന രീതി, തിന്മയും അത്യാഗ്രഹവും സ്വാർഥതയും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ എന്നിവയാണ് കഥകളിലെ പ്രധാന പ്രമേയങ്ങൾ. പ്രതിസന്ധി ഘട്ടങ്ങളിൽനിന്ന് ആരംഭിച്ച് പഴയ സംഭവങ്ങളിലേക്ക് മടങ്ങുന്ന ആഖ്യാനരീതിയും അപ്രതീക്ഷിതമോ തുറന്നതോ ആയ അവസാനങ്ങളും സമാഹാരത്തിന്റെ സവിശേഷതകളാണെന്നും അവർ വിലയിരുത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക