17
Nov 2026
Tue
17 Nov 2026 Tue
two engineering students dies in car accident

ബെംഗളൂരു: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് രണ്ട് എൻജിനീയറിങ് വിദ്യാർഥിനികൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ ബെംഗളൂരു റൂറൽ ജില്ലയിലെ നെലമംഗല താലൂക്കിലാണ് അപകടം. കർണാടകയിലെ തുമക്കൂരു സ്വദേശികളായ ജനവി, വൈഷ്ണവി (19) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സപ്തഗിരി കോളജിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥികളായ ആറംഗ സംഘം വിനോദയാത്രയ്ക്കായി കുനിഗലിന് സമീപമുള്ള ഹുത്രിദുർഗയിലേക്ക് പോകുകയായിരുന്നു. യാത്രയ്ക്കിടെ പുലർച്ചെ കനത്ത മൂടൽമഞ്ഞ് കാരണം ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം റോഡരികിലെ മരത്തിലിടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജനവിയും വൈഷ്ണവിയും സംഭവസ്ഥലത്തുതന്നെ മരിച്ചു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാർ മരത്തിലിടിച്ച ശേഷം രണ്ടുതവണയിലേറെ കീഴ്മേൽ മറിഞ്ഞതായി ദൃശ്യങ്ങളിൽ കാണാം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മേൽക്കൂര ഉൾപ്പെടെ തകർന്നു. വാതിലുകളും ചില്ലുകളും തകരുകയും ചക്രങ്ങൾ വാഹനത്തിൽനിന്ന് വേർപെടുകയും ചെയ്തു. അപകടത്തിൽ മരത്തിനും വലിയ കേടുപാടുകൾ സംഭവിച്ചു. മരത്തിന്റെ വലിയ ശിഖരങ്ങൾ ഒടിഞ്ഞുവീണു. കാറിന്റെ ഭാഗങ്ങൾ സമീപത്ത് ചിതറിക്കിടക്കുന്നതും ചിത്രങ്ങളിൽ കാണാം.

ബെംഗളൂരു റൂറൽ ജില്ലയിലെ നെലമംഗല താലൂക്കിൽ ദേശീയപാത 75ൽ ഗുഡെമർ അനഹള്ളിക്ക് സമീപമായിരുന്നു അപകടം. സംഭവത്തെ തുടർന്ന് പൊലീസ് ദേശീയപാതയിലെ അപകടസ്ഥലം വളഞ്ഞ് പരിശോധന നടത്തി.

കാറിലുണ്ടായിരുന്ന ഗഗൻ, ജസ്വന്ത്, ഹർഷിണി എസ്, ഹർഷിണി ജി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നെലമംഗല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേരും ചികിത്സയിലാണ്.

സംഭവത്തിൽ കുദുരു പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക