18
Nov 2026
Wed
18 Nov 2026 Wed
Chala Gold Robbery Vellayani Gold Recovery 146 Sovereigns Malavika Jewellery Jayaram Arrest

തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച ചാല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കവര്‍ച്ച ചെയ്യപ്പെട്ട 2 കിലോയോളം സ്വര്‍ണത്തില്‍ 146 പവന്‍ വെള്ളായണി സര്‍വോദയം റോഡിലെ ആളൊഴിഞ്ഞ 3 സെന്റ് പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ ഫോര്‍ട്ട് പൊലീസ് കണ്ടെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച രാത്രി 7.30-ന് രണ്ട് ജീപ്പുകളിലായി അതീവ രഹസ്യമായി എത്തിയ അന്വേഷണ സംഘം വെറും 10 മിനിറ്റുകൊണ്ടാണ് സ്വര്‍ണം പുറത്തെടുത്ത് മടങ്ങിയത്. നേരത്തെ വയനാട്ടില്‍ നിന്ന് പ്രതികളെ പിടികൂടിയപ്പോള്‍ കണ്ടെടുത്ത 450 ഗ്രാം (ഏകദേശം 56 പവന്‍) സ്വര്‍ണം കൂടി ചേര്‍ത്തതോടെ ഇതുവരെ വീണ്ടെടുത്ത സ്വര്‍ണത്തിന്റെ അളവ് 202 പവനായി.

മുപ്പതിലധികം പടികള്‍ കയറി എത്തുന്ന ഒഴിഞ്ഞ പറമ്പ്; ഞെട്ടലില്‍ നാട്ടുകാര്‍

വെള്ളായണി ദേവീക്ഷേത്രത്തിന് മുന്‍വശത്തെ റോഡില്‍ നിന്ന് അര കിലോമീറ്റര്‍ മാറി, ചെറിയൊരു ഇടവഴിയില്‍ രണ്ട് വീടുകള്‍ക്ക് സമീപമായുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് സ്വര്‍ണം കുഴിച്ചിട്ടിരുന്നത്.

ബൈക്കിലെത്തി സ്വര്‍ണം തട്ടിയെടുത്ത പ്രതി അനൂപ് രാജിന്റെ ബന്ധുവീടിന് സമീപമുള്ള സ്ഥലമാണിത്. സമീപത്തെ ഒരു വീട്ടുടമയുടെ സഹോദരിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലത്തേക്ക് എത്താന്‍ മുപ്പതിലധികം പടികള്‍ കയറണം. പിടിയിലായാലും കേസ് കഴിയുമ്പോള്‍ സ്വര്‍ണം തിരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അനൂപ് ഇവിടെ സ്വര്‍ണം കുഴിച്ചിട്ടത്.

നേമം പൊലീസോ സ്‌പെഷ്യല്‍ ബ്രാഞ്ചോ പോലും അറിയാതെയായിരുന്നു ഫോര്‍ട്ട് പൊലീസിന്റെ മിന്നല്‍ നീക്കം. തലസ്ഥാനത്തെ ഞെട്ടിച്ച കൊള്ളയുടെ തൊണ്ടിമുതല്‍ തങ്ങളുടെ തൊട്ടടുത്ത് കുഴിച്ചിട്ടിരുന്നുവെന്ന അറിവിന്റെ ഞെട്ടലിലാണ് വെള്ളായണിയിലെ നാട്ടുകാര്‍. സ്ഥലമുടമയ്ക്ക് സംഭവവുമായി ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ആറു പ്രതികളെയും തെളിവെടുപ്പിനെത്തിച്ചു; 25 ലക്ഷത്തിന്റെ ക്വട്ടേഷന്‍

കവര്‍ച്ചയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള അമോല്‍, അനില്‍, അനൂപ് രാജ്, ആന്റണി, ദിലീപ്, ശ്രാവണ്‍ എന്നീ ആറ് പ്രതികളെയും ചൊവ്വാഴ്ച സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു.

ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാര്‍ സ്വര്‍ണവുമായി വീട്ടിലേക്ക് മടങ്ങുന്ന സമയം കൃത്യമായി നിരീക്ഷിച്ച് രണ്ട് ദിവസം ട്രയല്‍ റണ്‍ നടത്തിയ ശേഷമാണ് വ്യാഴാഴ്ച രാത്രി 10.35-ഓടെ സഭാപതി റോഡില്‍ വെച്ച് കവര്‍ച്ച നടത്തിയത്. പനവിളയിലെ ഒരു ആഡംബര ഹോട്ടലില്‍ വെച്ചാണ് കവര്‍ച്ചയുടെ തിരക്കഥ തയ്യാറാക്കിയതെന്നും 25 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ ഉറപ്പിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കണ്ടെടുത്ത സ്വര്‍ണമല്ലാതെ കൂടുതല്‍ സ്വര്‍ണം കൈവശമില്ലെന്നാണ് പ്രതികളുടെ മൊഴി. എന്നാല്‍ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലൂടെ രക്ഷപ്പെടുന്നതിനിടെ പ്രതികള്‍ സ്വര്‍ണം വിറ്റിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മൊഴിയിലെ വൈരുധ്യങ്ങള്‍ കണ്ടെത്താന്‍ ഓരോ പ്രതിയെയും ദിവസത്തില്‍ പലതവണ ചോദ്യം ചെയ്തുവരികയാണ്.

മുഖ്യ ആസൂത്രകന്‍ ജയറാമിന് തട്ടിപ്പ് കേസുകളിലും അറസ്റ്റ്

വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാര്‍ മറ്റുള്ളവരേക്കാള്‍ ഉയര്‍ന്ന വില നല്‍കി സ്വര്‍ണം വാങ്ങുന്നതും ബിസിനസില്‍ വളരുന്നതും അയല്‍വ്യാപാരിയായ മാളവിക ജ്വല്ലറി ഉടമ ജയറാമിനെയും സ്വര്‍ണപരിശോധനാ കേന്ദ്രം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി അമോലിനെയും പ്രകോപിപ്പിച്ചിരുന്നു. കണക്കില്‍പ്പെടാത്ത സ്വര്‍ണമായതിനാല്‍ നന്ദകുമാര്‍ പൊലീസില്‍ പരാതിപ്പെടില്ലെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടല്‍.

കവര്‍ച്ചയുടെ മുഖ്യ ആസൂത്രകന്‍ ജയറാമാണെന്ന് പ്രതികളായ അനൂപും അമോലും മൊഴി നല്‍കിയിട്ടുണ്ട്. ഇതിനിടെ ജയറാമിനും മകനുമെതിരെ സാമ്പത്തിക തട്ടിപ്പിന് ഫോര്‍ട്ട് പൊലീസ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

തിരുവനന്തപുരം സ്വദേശികളായ പത്മ, ദിവ്യ, കൃഷ്ണകുമാര്‍ എന്നിവരുടെ പരാതിയിലാണ് കേസ്. മൂന്നുപേരില്‍ നിന്നായി 31 പവന്‍ സ്വര്‍ണം കൈക്കലാക്കിയ ജയറാം, 35 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെങ്കിലും 15.5 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. ബാക്കി തുക നല്‍കാതെ കബളിപ്പിച്ചതോടെയാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്.

സമാനമായ രീതിയില്‍ സ്വര്‍ണം വാങ്ങിയ ശേഷം പണം നല്‍കാതെ കബളിപ്പിച്ചതിന് 40-ഓളം പരാതികളാണ് ജയറാമിനെതിരെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിരിക്കുന്നത്. തട്ടിപ്പ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ജയറാമിനെ, കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച ശേഷം ചാല കവര്‍ച്ചാ കേസിലും അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.

Tags: Chala Gold Robbery, Vellayani Gold Recovery, Thiruvananthapuram Crime News, Malavika Jewellery Jayaram, Fort Police Investigation, Vaishnavi Jewellery Chala, Kerala Crime News, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക