ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഇവരുടെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ചുകൊണ്ടാണ് ഒക്ടോബർ 28ന് കോടതി ഉത്തരവിറക്കിയത്. 17 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന പ്രതികളുടെ അപ്പീലിൽ വസ്തുതാപരവും നിയമപരവുമായ കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
|
ബിപിഞ്ചന്ദ് ജോഷി, പ്രദീപ് മോഡിയ എന്നിവർക്കാണ് സുപ്രീംകോടതിയുടെ ആശ്വാസം ലഭിച്ചത്. 2017 മേയിൽ ബോംബെ ഹൈക്കോടതി ശരിവെച്ച ശിക്ഷ ചോദ്യം ചെയ്താണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്. പ്രതികളിലൊരാളായ ജോഷി കടുത്ത ശാരീരിക വൈകല്യം നേരിടുന്നയാളാണെന്ന കാര്യവും കോടതി പരിഗണിച്ചു.
എന്നാൽ കുറ്റകൃത്യത്തിന്റെ ഗൗരവവും വിചാരണക്കോടതിയും ഹൈക്കോടതിയും ഒരുപോലെ കുറ്റക്കാരെന്ന് കണ്ടെത്തിയതും ചൂണ്ടിക്കാട്ടി സർക്കാർ അഭിഭാഷകൻ ജാമ്യാപേക്ഷയെ എതിർത്തു. കേസിലെ ആദ്യ എഫ്ഐആറിൽ പ്രതികളിലൊരാളുടെ പേര് ഉണ്ടായിരുന്നില്ലെന്നും കുറ്റകൃത്യം നടന്ന് ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് ഇയാളെ കേസിൽ ഉൾപ്പെടുത്തിയതെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.
ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് അതിജീവിത നൽകിയ ആദ്യ മൊഴിയിലും വൈദ്യപരിശോധനയ്ക്കിടെ ഡോക്ടർക്ക് നൽകിയ മൊഴിയിലും ഈ രണ്ട് പ്രതികളുടെ പേരുകൾ ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ആക്രമണത്തിൽ ഇവർ നേരിട്ട് പങ്കെടുത്തതായി തെളിവില്ലെന്നും സംഭവസമയത്ത് ആൾക്കൂട്ടത്തിനൊപ്പം ഉണ്ടായിരുന്നിരിക്കാമെന്ന നിഗമനം മാത്രമാണ് ഇവർക്കെതിരെയുള്ള തെളിവെന്നും അഭിഭാഷകൻ വാദിച്ചു.
നേരത്തെ ഇളവിന്റെ അടിസ്ഥാനത്തിൽ ജയിൽമോചിതരായ 11 പ്രതികളുടെ ശിക്ഷാകാലാവധി ഇളവ് സുപ്രീംകോടതി 2024 ജനുവരിയിൽ റദ്ദാക്കിയിരുന്നു. ഗുജറാത്ത് സർക്കാരിന് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി, രണ്ടാഴ്ചയ്ക്കകം ജയിലിൽ തിരിച്ചെത്താൻ ഉത്തരവിട്ടു. ഇതനുസരിച്ച് 11 പ്രതികളും കീഴടങ്ങിയിരുന്നു.
അഞ്ചുമാസം ഗർഭിണിയായിരുന്ന 21കാരി ബിൽക്കിസ് ബാനുവിനെ 2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്ത കേസാണിത്. ബിൽക്കിസ് ബാനുവിന്റെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ ഏഴ് പേരാണ് അന്ന് കൊല്ലപ്പെട്ടത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





