21
Nov 2026
Sat
21 Nov 2026 Sat

അകാലജനനത്തെ അതിജീവിച്ച് ലോകമെമ്പാടുമുള്ളവരുടെ സ്നേഹം നേടിയ ഹിപ്പോ ഫിയോണയ്ക്ക് ഒമ്പതാം വയസിൽ അന്ത്യം. അമേരിക്കയിലെ സിൻസിനാറ്റി മൃഗശാലയിൽ വളർന്നിരുന്ന നൈൽ ഹിപ്പോ ഫിയോണ വ്യാഴാഴ്ചയാണ് ചത്തത്. ശീതകാലത്ത് ഉപയോഗിക്കുന്ന ഒരു തൊപ്പി വിഴുങ്ങിയതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിന് കാരണമായത്. തൊപ്പി അബദ്ധത്തിൽ ഫിയോണയുടെ ആവാസകേന്ദ്രത്തിൽ വീഴുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2017ലാണ് ഫിയോണ ജനിച്ചത്. ആറാഴ്ച നേരത്തേ ജനിച്ച ഫിയോണയ്ക്ക് അന്ന് വെറും 13 കിലോഗ്രാം മാത്രമായിരുന്നു ഭാരം. സാധാരണ ഹിപ്പോ കുഞ്ഞുങ്ങളുടെ ജനനസമയത്തെ ഭാരത്തിന്റെ പകുതിയിൽ താഴെയായിരുന്നു ഇത്. നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന ഫിയോണയുടെ അതിജീവനസാധ്യതയും വളരെ കുറവായിരുന്നു.

എന്നാൽ മൃഗശാല അധികൃതരുടെ പ്രത്യേക പരിചരണത്തിലൂടെ ഫിയോണ ജീവിതത്തിലേക്ക് തിരിച്ചെത്തി. തുടർന്നുള്ള വളർച്ചയും ദൈനംദിന പ്രവർത്തനങ്ങളും മൃഗശാല അധികൃതർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെ ഫിയോണ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. കുട്ടികളുടെ പുസ്തക പരമ്പരയ്ക്കും ഫിയോണ പ്രചോദനമായി.

തൊപ്പി വിഴുങ്ങിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ഫിയോണയ്ക്ക് അസുഖം ബാധിച്ചത്. തൊപ്പി ദഹനവ്യവസ്ഥയിലൂടെ പുറത്തേക്ക് നീക്കാൻ അധികൃതർ വിവിധ ചികിത്സകൾ നടത്തി. മരുന്നുകൾ, കൊളോണോസ്കോപ്പി തുടങ്ങിയ നടപടികൾക്കൊപ്പം കുതിര ഫാമിൽനിന്ന് എത്തിച്ച വൈബ്രേഷൻ പ്ലേറ്റും ഉപയോഗിച്ചു. തൊപ്പി പുറത്തേക്ക് നീങ്ങാൻ ഇത് സഹായിക്കുമെന്നായിരുന്നു പ്രതീക്ഷ.

എന്നാൽ ചികിത്സകളൊന്നും ഫലം കണ്ടില്ല. ഫിയോണയുടെ വലിപ്പവും തൊപ്പി കുടുങ്ങിയ സ്ഥലവും കണക്കിലെടുത്ത് ശസ്ത്രക്രിയ സാധ്യമായിരുന്നില്ലെന്ന് മൃഗശാല അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച നടത്തിയ മരണാനന്തര പരിശോധനയിൽ ചെറുകുടലിന്റെ മധ്യഭാഗത്ത് തൊപ്പി കുടുങ്ങിയിരുന്നതായി സ്ഥിരീകരിച്ചു.

ഫിയോണ സിൻസിനാറ്റിയിലെ ജനങ്ങൾക്ക് അതിജീവനത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായിരുന്നുവെന്ന് നഗര മേയർ ആഫ്താബ് പ്യുവർവാൾ പ്രതികരിച്ചു. കുട്ടികളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേരുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ ഫിയോണയ്ക്ക് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക