23
Nov 2026
Mon
23 Nov 2026 Mon

ഡോക്ടറെ കൊന്ന് ചാക്കിൽ കെട്ടി അണക്കെട്ടിൽ തള്ളി. മഹാരാഷ്ട്രയിലെ ജൽഗാവ് സ്വദേശിയായ ഡോ. സഞ്ജയ് ടെലിയാണ് കൊല്ലപ്പെട്ടത്. നവംബർ 18 മുതൽ കാണാതായിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം അഞ്ച് ദിവസത്തിന് ശേഷം തിങ്കളാഴ്ച രാവിലെ ബഹുല അണക്കെട്ടിൽ നിന്നാണ് കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൽഗാവിലെ പചോറ താലൂക്കിലുള്ള ഗൊരാഡ്ഖേഡ ഗ്രാമത്തിൽ 1.25 കോടി രൂപയുടെ കൃഷിഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട 1.90 ലക്ഷം രൂപയുടെ കമ്മീഷൻ നൽകാനുണ്ടെന്ന് പറഞ്ഞ് ഭൂമി ഇടനിലക്കാരനായ രാഹുൽ ധർമരാജ് പാട്ടീൽ ഡോക്ടറെ ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും രാഹുൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

തുടർന്ന് തെളിവ് നശിപ്പിക്കാനായി ജീവനക്കാരനായ സഞ്ജയ് ഭിലിന്റെ സഹായത്തോടെ മൃതദേഹം ചാക്കിലാക്കി ബഹുല അണക്കെട്ടിൽ ഉപേക്ഷിച്ചു. ഡോക്ടറെ കാണാതായതിനെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

മൊബൈൽ ഫോൺ അവസാനമായി പ്രവർത്തിച്ച സ്ഥലം, കോൾ റെക്കോർഡുകൾ, പ്രദേശത്തുനിന്ന് കണ്ടെത്തിയ വാഹനത്തിൽനിന്നുള്ള സൂചനകൾ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രാഹുൽ പാട്ടീലിനെയും സഞ്ജയ് ഭിലിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

ഭൂമിയിടപാടിന്റെ ഭാഗമായി പ്രതികൾക്ക് 80 ലക്ഷം രൂപ ഇതിനകം നൽകിയിരുന്നുവെന്നാണ് ഡോക്ടറുടെ കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ഉൾപ്പെട്ടവർക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക