24
Nov 2026
Tue
24 Nov 2026 Tue
Thiruvananthapuram Naruvamoodu Man Unleashes Rottweiler Dog On Police

തിരുവനന്തപുരം / നേമം: പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ അപകടകാരിയായ റോട്ട് വീലര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയെ അഴിച്ചുവിട്ട് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. നരുവാമൂട് കുളങ്ങരക്കോണം അംബിക സദനത്തില്‍ അനീഷിനെയാണ് (31) നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. നായയുടെ ആക്രമണത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനിടെ പൊലീസ് ജീപ്പിലിടിച്ച് വീണ് സിവില്‍ പൊലീസ് ഓഫീസര്‍ (സിപിഒ) പീറ്റര്‍ ദാസിന് നടുവിന് പരിക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാന വിവരങ്ങൾ (Key Highlights)

  • പൊലീസിന് നേരെ റോട്ട്‌വീലർ നായയുമായി ഭീഷണി: തിരുവനന്തപുരം നരുവാമൂട് മൊട്ടമൂട് എംഎൽഎ റോഡിൽ മദ്യപിച്ച് ബഹളം വെച്ചത് അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരെ വളർത്തുനായയെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമിച്ച കുളങ്ങരക്കോണം സ്വദേശി അനീഷിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു.
  • പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്: റോട്ട്‌വീലർ ഇനത്തിൽപ്പെട്ട നായയുടെ ആക്രമണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പൊലീസ് ജീപ്പിലിടിച്ച് വീണ സിപിഒ പീറ്റർ ദാസിന് നടുവിന് പരിക്കേറ്റു; ഉദ്യോഗസ്ഥൻ ചികിത്സ തേടി.
  • ‘ഡിജിപിക്ക് മെയിൽ അയച്ച് തൊപ്പി തെറിപ്പിക്കും’: പൊലീസ് വാഹനത്തിന് മുന്നിൽ നായയുമായി നിലയുറപ്പിച്ച പ്രതി, മൊബൈൽ ഫോണിൽ പൊലീസുകാരുടെ ദൃശ്യങ്ങൾ പകർത്തുകയും ഡിജിപിക്ക് പരാതി അയച്ച് ഉദ്യോഗസ്ഥരുടെ തൊപ്പി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
  • മദ്യലഹരിയിലായിരുന്നുവെന്ന് സംശയം; കോടതിയിൽ ഹാജരാക്കി: മെഡിക്കൽ റെപ്രസെന്റേറ്റീവായ പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്; ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ ചുമത്തി ഇയാളെ കോടതിയിൽ ഹാജരാക്കി.

ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെ നരുവാമൂട് മൊട്ടമൂട് ഇടമല എംഎല്‍എ റോഡിലാണ് സംഭവം നടന്നത്.

മദ്യപിച്ച് ബഹളം; അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ നായയെ അഴിച്ചുവിട്ടു

പ്രദേശത്ത് ഒരു സംഘം ആളുകള്‍ മദ്യപിച്ച് ബഹളം വെക്കുകയും നാട്ടുകാര്‍ക്ക് ശല്യമുണ്ടാക്കുകയും ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയതായിരുന്നു നരുവാമൂട് പൊലീസ് സംഘം.

പൊലീസിനെ കണ്ടതോടെ പ്രകോപിതനായ അനീഷ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും, താന്‍ വളര്‍ത്തുന്ന റോട്ട്വീലര്‍ ഇനത്തില്‍പ്പെട്ട നായയെ പൊലീസുകാര്‍ക്ക് നേരെ അഴിച്ചുവിട്ട് കടിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. നായ ചാടിവീഴാന്‍ ശ്രമിച്ചതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സിപിഒ പീറ്റര്‍ ദാസ് കാല്‍വഴുതി പൊലീസ് ജീപ്പിന്റെ വശത്തേക്ക് ഇടിച്ചുവീഴുകയായിരുന്നു. നടുവിന് പരിക്കേറ്റ പീറ്റര്‍ ദാസ് ആശുപത്രിയില്‍ ചികിത്സ തേടി.

പൊലീസ് വാഹനം തടഞ്ഞു; ‘തൊപ്പി തെറിപ്പിക്കും’ എന്ന് ഭീഷണി

നായയുമായി പൊലീസ് വാഹനത്തിന് മുന്നില്‍ നിലയുറപ്പിച്ച പ്രതി, മൊബൈല്‍ ഫോണില്‍ പൊലീസുകാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ‘ഡിജിപിക്ക് മെയില്‍ അയച്ച് നിങ്ങളുടെ തൊപ്പി തെറിപ്പിക്കും’ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സ്ഥിതിഗതികള്‍ വഷളായതോടെ സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് നായയെ മാറ്റിയ ശേഷം അനീഷിനെ കസ്റ്റഡിയിലെടുത്തത്. മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ജോലി ചെയ്യുന്ന പ്രതി സംഭവസമയത്ത് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

എന്നാല്‍ താന്‍ നായയെ കൊണ്ട് നടക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ഇയാളുടെ വാദം. പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥനെ പരിക്കേല്‍പ്പിച്ചതിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത പൊലീസ്, പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags: Naruvamoodu Police Dog Attack, Thiruvananthapuram Crime News, Rottweiler Threat Police Kerala, CPO Peter Das Injured, Kerala Police Arrest, Kerala News Malayalam, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക