ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വീണ്ടും നടുക്കി ക്രൂരമായ കൂട്ടബലാത്സംഗം. കിഴക്കന്‍ ഡല്‍ഹിയിലെ പ്രീത് വിഹാറില്‍ 22-കാരിയായ കഫേ ജീവനക്കാരിയെ രാത്രികാല പാര്‍ട്ടിക്ക് പിന്നാലെ സഹപ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റ് മൂന്ന് പ്രതികള്‍ ഒളിവിലാണെന്നും ഇവരെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
|
അടച്ചിട്ട കഫേ തുറന്ന് പുലര്‍ച്ചെ 3:30 വരെ പാര്‍ട്ടി
പൊലീസ് നല്‍കുന്ന പ്രാഥമിക വിവരങ്ങള്‍ പ്രകാരം അതിക്രമത്തിനിരയായ യുവതിയും പ്രതികളും കര്‍ക്കര്‍ദൂമയിലെ ക്രോസ് റിവര്‍ മാളിലുള്ള ‘കഫേ 8’ എന്ന സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരാണ്. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ ശേഷം യുവതി ഉള്‍പ്പെടെ എട്ടംഗ സംഘം പ്രീത് വിഹാറിലെ ‘സല്‍ത്താനേറ്റ്’ കഫേയിലേക്ക് പാര്‍ട്ടിക്കായി എത്തുകയായിരുന്നു.
രാത്രി 11:30-ഓടെ ഈ കഫേ പ്രവര്‍ത്തനം അവസാനിപ്പിച്ച് അടച്ചിരുന്നെങ്കിലും, സംഘത്തിലുണ്ടായിരുന്ന ഒരാളുടെ കൈവശമുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് കഫേ വീണ്ടും തുറന്നാണ് ഇവര്‍ ഉള്ളില്‍ കയറിയത്.
കഫേയ്ക്കുള്ളില്‍ വെച്ച് സംഘം മദ്യപിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 3:30 വരെ പാര്‍ട്ടി നീണ്ടുനിന്നു. പുലര്‍ച്ചെ 3:30-ഓടെ കഫേയില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ, സഹപ്രവര്‍ത്തകരായ രണ്ട് പുരുഷന്മാര്‍ തന്നെ കൂട്ടബലാത്സംഗം ചെയ്തതായും, ഒപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സഹപ്രവര്‍ത്തകര്‍ ഈ അതിക്രമത്തിന് ഒത്താശ ചെയ്തുവെന്നുമാണ് പെണ്‍കുട്ടിയുടെ പരാതിയിലുള്ളത്.
സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകം; 6 പേര്‍ക്കെതിരെ കേസ്
സംഭവത്തിന് ശേഷം യുവതി ഒരു പുരുഷ സുഹൃത്തിനും രണ്ട് സ്ത്രീകള്‍ക്കുമൊപ്പം വാഹനത്തില്‍ പ്രദേശത്ത് നിന്ന് മടങ്ങുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറകളില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ 5:45-ഓടെ പൊലീസ് സ്റ്റേഷനിലെത്തിയ യുവതി പരാതി നല്‍കുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ കൂട്ടബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. അറസ്റ്റിലായ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കഫേയുടെ ഉടമസ്ഥത സംബന്ധിച്ചും, നിയമവിരുദ്ധമായി രാത്രി വൈകി കഫേ തുറന്ന് മദ്യപിക്കാന്‍ അനുമതി നല്‍കിയതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags: Delhi Cafe Gang Rape, Preet Vihar Crime News, Karkardooma Cafe Worker Assault, Delhi Police Arrest, Women Safety India, National News Malayalam, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





