പേര് മുഹമ്മദ് എന്നാണെന്നറിഞ്ഞതോടെ ഇന്ത്യക്കാരൻ ഊബർ ഡ്രൈവറെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊന്നു. യുഎസിലെ മിനസോട്ടയിലെ മിനിയാപൊളിസിന് സമീപമാണ് സംഭവം. സൊമാലിയൻ വംശജനായ മുഹമ്മദ് യൂസഫ് (51) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലിരിക്കെ ശനിയാഴ്ചയാണ് മുഹമ്മദ് യൂസുഫ് മരിച്ചത്.
|
ആക്രമണവുമായി ബന്ധപ്പെട്ട് 25കാരനായ ഇന്ത്യൻ വംശജൻ സമിത് അപൂർവ പട്ടേലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകശ്രമം, കാർജാക്കിങ് എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. യൂസഫിന്റെ മരണത്തെത്തുടർന്ന് കുറ്റം രണ്ടാം ഡിഗ്രി മനഃപൂർവ കൊലപാതകമായി ഉയർത്തുമെന്ന് ഹെന്നപിൻ കൗണ്ടി അറ്റോർണി മേരി മോറിയാർട്ടി അറിയിച്ചു.
അമേരിക്കൻ മുസ്ലിം പൗരാവകാശ സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് (CAIR) ആണ് മുഹമ്മദ് യൂസുഫിന്റെ മരണവിവരം പുറത്തുവിട്ടത്. നവംബർ 14നായിരുന്നു സംഭവം. യാത്രക്കാരനെ കാറിൽ കയറ്റിയതിന് പിന്നാലെ ഇയാൾ മുഹമ്മദ് യൂസഫിനെ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് യൂസഫിന്റെ തന്നെ കാർ ഉപയോഗിച്ച് അദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയും സമീപത്തെ കുഴിയിലേക്ക് ഉപേക്ഷിക്കുകയും ചെയ്തെന്നാണ് പൊലീസ് രേഖകൾ വ്യക്തമാക്കുന്നത്. ഗുരുതരമായി പരിക്കേറ്റ യൂസഫ് ഹെന്നപിൻ കൗണ്ടി മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ഇതിനിടെ അഞ്ച് ശസ്ത്രക്രിയകൾക്കും വിധേയനായി.
അതേസമയം, കേസിൽ പൊതുജനങ്ങൾ മുൻകൂട്ടി വിധിയെഴുതരുതെന്ന് പ്രതിയുടെ അഭിഭാഷക കാതറിൻ ടർണർ ആവശ്യപ്പെട്ടു. യൂസഫിന്റെ മരണത്തിൽ പ്രതിക്ക് ദുഃഖമുണ്ടെന്നും കേസ് ഇപ്പോഴും അന്വേഷണഘട്ടത്തിലാണെന്നും അവർ വ്യക്തമാക്കി.
യൂസഫ് യാത്രക്കാരനെ കാറിൽ കയറ്റുമ്പോൾ മറ്റൊരു ഊബർ ഡ്രൈവറായ സഹോദരനുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. യാത്രക്കാരൻ മുഹമ്മദ് എന്ന പേര് ഇഷ്ടമല്ലെന്ന് യൂസഫിനോട് പറയുന്നത് സഹോദരൻ കേട്ടതായി കോടതി രേഖകളിൽ പറയുന്നു. പിന്നീട് സീറ്റ് ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് ആക്രമിക്കുകയാണെന്ന് യൂസഫ് സോമാലിയൻ ഭാഷയിൽ നിലവിളിക്കുന്നതും സഹോദരൻ കേട്ടിരുന്നു.
ആക്രമണത്തിന് പിന്നിൽ വംശീയമോ മതപരമോ ആയ വിദ്വേഷമാണെന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ നിലവിലില്ലെന്നാണ് പ്രോസിക്യൂട്ടർ മേരി മോറിയാർട്ടിയുടെ നിലപാട്. അതേസമയം, സംഭവത്തെത്തുടർന്ന് അമേരിക്കയിലെ സോമാലിയൻ സമൂഹത്തിനിടയിൽ ആശങ്ക ശക്തമായിട്ടുണ്ട്.
1993ലാണ് യൂസഫ് അമേരിക്കയിലെത്തിയത്. വർഷങ്ങളായി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. അഞ്ച് മക്കളുള്ള യൂസഫിന്റെ മൂത്ത മകൻ മുസ്തഫ ഉസ്മാനാണ് പിതാവിന്റെ മരണവിവരം പുറത്തുവിട്ട സംഘടനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചത്.
ALSO READ: സൗദിക്ക് നേരെ മിസൈൽ ആക്രമണശ്രമം; റിയാദിനു നേരെയുള്ള മിസൈൽ പ്രതിരോധിച്ചു, ജാഗ്രതാ നിർദേശങ്ങൾ
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക



