22
Aug 2022
Wed
22 Aug 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ദഹി ഹന്ദി (മനുഷ്യ പിരമിഡ്) നിര്‍മിക്കുന്നതിനിടെ താഴെ വീണ് യുവാവിന് ദാരുണാന്ത്യം. മുംബൈ സ്വദേശിയും ശിവശംഭോ ഗോവിന്ദ പഥക് ഗ്രൂപ്പ് അംഗവുമായ സന്ദേശ് ഡാല്‍വി (24) യാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.

 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സന്ദേശിനെ കൂപ്പര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി വഷളായതോടെ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ആരോഗ്യസ്ഥിതി മോശമായ യുവാവ് തിങ്കളാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു. മനുഷ്യ പിരമിഡിന്റെ ഏറ്റവും മുകളില്‍ നിന്നാണ് യുവാവ് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിച്ചത്.

 

തലയില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

മനുഷ്യപിരമിഡ് നിർമിക്കുന്നതിനിടെ വീണ് പരിക്കേറ്റ് മുംബൈയിൽ മാത്രം 202 ആളുകൾ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. താനെയിൽ 64 പേർക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. ഇവരിൽ ഭൂരിഭാ​ഗം പേർക്കും കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്.