|
കറാച്ചി: പാകിസ്താൻ ജനത പ്രളയക്കെടുതിയിൽ വലയുന്നതിനിടെ ദുരിതബാധിതർക്ക് അഭയമൊരുക്കി ഒരു ക്ഷേത്രം. ബലൂചിസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിലെ ഹിന്ദു ക്ഷേത്രമാണ് ലക്ഷക്കണക്കിനാളുകൾ എല്ലാം നഷ്ടപ്പെട്ട് സഹായത്തിനായി കേഴുമ്പോള്‍ ആശ്വാസത്തിന്റെ കിരണമാവുന്നത്. 200 മുതല്‍ 300 വരെ പേര്‍ക്കാണ് ഭക്ഷണവും കിടക്കാനിടവും നല്കി ക്ഷേത്രം സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയായത്.
കാച്ചി ജില്ലയിലെ ജലാല്‍ ഖാന് ഗ്രാമത്തിലെ ബാബ മധോദസ് മന്ദിറാണ് പ്രളയബാധിതർക്കായി വാതിൽ തുറന്നുകൊടുത്തത്. ഉയര്‍ന്ന പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടില്ല. നാരി, ബോലാന്‍, ലെഹ്രി നദികളിലെ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഗ്രാമം മറ്റ് പ്രവിശ്യകളില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്.
വെള്ളപ്പൊക്കത്തില്‍ വലയുന്ന ജനങ്ങള്‍ക്കും അവരുടെ കന്നുകാലികള്‍ക്കുമായി പ്രാദേശിക ഹിന്ദു സമൂഹം ബാബ മധോദസ് മന്ദിർ തുറന്നുകൊടുത്തതായി ഡോണ്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. വിഭജനത്തിനു മുമ്പുള്ള ഒരു ഹിന്ദു സന്യാസിയായിരുന്നു ബാബ മധോദസ് എന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശത്തെ മുസ്ലിങ്ങളും ഹിന്ദുക്കളും ഒരുപോലെ ആദരിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പേരിലാണ് ഈ ക്ഷേത്രം.
മതപരമായ അതിര്‍വരമ്പുകള്‍ക്കപ്പുറമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ജാതിക്കും മതത്തിനും പകരം മനുഷ്യത്വത്തിന്റെ കണ്ണാടിയിലൂടെയാണ് അദ്ദേഹം ജനങ്ങളെ കണ്ടിരുന്നതെന്ന് തന്റെ മാതാപിതാക്കള്‍ പറഞ്ഞിട്ടുണ്ടെന്നും നാട്ടുകാരനായ ഇൽതാഫ് ബുസ്ദാര്‍ പറയുന്നു.
ബലൂചിസ്ഥാനില്‍ നിന്നുള്ള ഹിന്ദു വിശ്വാസികള്‍ പതിവായി ദര്‍ശനത്തിനെത്താറുള്ള ആരാധനാലയമാണിത്. കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മിച്ചതും വിശാലവുമായ ഈ ക്ഷേത്രത്തിന്റെ ചുമതല ഇപ്പോൾ ഭാഗ് നാരി പ്രദേശത്തെ കടയുടമ രത്തൻ കുമാറിനാണ്. എല്ലാ വർഷവും ബലൂചിസ്ഥാനിൽ നിന്നും സിന്ധിൽ നിന്നും ധാരാളം ആളുകൾ തീർഥാടനത്തിനായി ഇവിടെയെത്തുന്നതിനാൽ ക്ഷേത്രത്തിൽ നൂറിലധികം മുറികളാണ് പണിതിട്ടുള്ളത്.



