21
May 2026
Thu
21 May 2026 Thu
man arrested over digital arrest scam in Thrissur

ഡിജിറ്റല്‍ അറസ്റ്റ്് തട്ടിപ്പിലൂടെ തൃശൂര്‍ സ്വദേശിയായ 85കാരനില്‍ നിന്ന് നാലുകോടിയിലേറെ രൂപ തട്ടിയ കേസില്‍ യുവാവ് പിടിയില്‍. മലപ്പുറം പാണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശി അല്ലപ്ര വീട്ടില്‍ റഷീക് രാജ (26) ആണ് തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസിന്റെ പിടിയിലായത്. ഇരയുടെ അക്കൗണ്ടില്‍ നിന്ന് 7,99,000 രൂപ തന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയും ഈ തുക ചെക്ക് മുഖേന പിന്‍വലിച്ച് പ്രധാന പ്രതികള്‍ക്ക് കൈമാറി കമ്മീഷന്‍ കൈപ്പറ്റിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2025 സപ്തംബര്‍ 9 മുതല്‍ 2026 ജനുവരി 1 വരെയുള്ള കാലയളവിലാണ് 85കാരനെ ഡിജിറ്റല്‍ അറസ്റ്റിലാക്കി പ്രതികള്‍ തട്ടിപ്പ് നടത്തിയത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മുംബൈ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കുന്ന കേസില്‍ ഉള്‍പ്പെട്ട 257 ബാങ്ക് അക്കൗണ്ടുകളില്‍ ഒന്ന് 85കാരന്റെ പേരിലാണെന്ന് പ്രതികള്‍ വാട്സാപ്പ് കോളിലൂടെ വിളിച്ച് വിശ്വസിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകള്‍ പരിശോധിക്കണമെന്നും, പണം വേരിഫൈ ചെയ്യുന്നതിനായി പ്രതികളുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കോടതി നിര്‍ദേശപ്രകാരമാണ് നടപടിയെന്നും, വിവരം മറ്റാരോടും പറയരുതെന്നും, വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്നും പരാതിക്കാരനെയും പരിചാരകനെയും പ്രതികള്‍ വിശ്വസിപ്പിക്കുകയും ചെയ്തു. ഇത്തരത്തില്‍ ഭയപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ആകെ 4,11,65,206 രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്.

പണം നഷ്ടമായെന്ന് തിരിച്ചറിഞ്ഞതോടെയാണ് 85കാരന്‍ പരാതി നല്‍കിയത്. സംഭവത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കമ്മീഷന്‍ ഏജന്റായ പ്രതി പിടിയിലായത്.

ALSO READ: കോഴിക്കോട്ട് കാറിനു തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ്