23
Sep 2022
Tue
23 Sep 2022 Tue

കൗമാരക്കാരിയെ ബലാൽസം​ഗം ചെയ്യുകയും വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയും ചെയ്ത ബിജെപി നേതാവിനും പൊലീസ് ഉദ്യോ​ഗസ്ഥനും 20 വർഷം തടവ്. ഇരുവർക്കും പുറമേ മാധ്യമപ്രവർത്തകനടക്കമുള്ള മറ്റ് 10 പേർക്കും 20 വർഷം ശിക്ഷ വിധിച്ചിട്ടുണ്ട്. ചെന്നൈ പോക്സോ കോടതിയാണ് വിധി പറഞ്ഞത്. ഇരയ്ക്ക് 5 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വിധി പറഞ്ഞ ജഡ്ജി എം രാജലക്ഷ്മി വ്യക്തമാക്കി. കേസിൽ 21 കുറ്റവാളികളാണുള്ളത്. ഇവരിൽ 13 പേർക്കാണ് കോടതി 20 വർഷം വീതം തടവ് വിധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

21 പ്രതികളിൽ നിന്നായി നഷ്ടപരിഹാരമായി ഈടാക്കുന്ന രണ്ടുലക്ഷം രൂപയും പെൺകുട്ടിക്ക് കൈമാറും. കുട്ടിയുടെ രണ്ടാനച്ഛനും രണ്ടാനമ്മയും കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്നോർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ആയിരുന്ന സി പു​ഗളേന്തി, ബിജെപി നേതാവ് ജി രാജേന്ദ്രൻ, മാധ്യമപ്രവർത്തകനായ വിനോബാജി എന്നിവരടക്കമുള്ളവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് ഈ മാസം 15ന് കോടതി കണ്ടെത്തിയിരുന്നു. എന്നാൽ വിധിപ്രസ്താവം മാറ്റിവയ്ക്കുകയായിരുന്നു.  

 

2020 നവംബറിലാണ് ഇരയുടെ മാതാവ് പ്രതികൾക്കെതിരേ പരാതി നൽകിയത്. 26 പേരായിരുന്നു കേസിലെ പ്രതികൾ. 26 പേർക്കെതിരേ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഇതിൽ ഒരാൾ ഇക്കാലയളവിൽ മരിക്കുകയും നാലുപേർ മുങ്ങുകയും ചെയ്തു.