22
Sep 2022
Tue
22 Sep 2022 Tue

വിവിധതരം ലഹരികളുടെ ഉപയോഗം നിയന്ത്രണാതീതമായി വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ ലഹരി വിതരണത്തിലെ യഥാർഥ പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകുന്നതിനും സംസ്ഥാന സർക്കാർ ആർജ്ജവം കാണിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. പുകവലി, മയക്കുമരുന്ന് നിരോധന നിയമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അവ ശാസ്ത്രീയമല്ല എന്നുള്ളതാണ് ലഹരി ഉപയോഗത്തിന്റെ വർധനവ് തെളിയിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ചെറിയ അളവിലും വാണിജ്യ ആവശ്യത്തിനും ഉപയോഗിക്കാൻ കഴിയുന്ന ലഹരി വസ്തുക്കൾ വിദ്യാർഥികളിലൂടെ കൈമാറ്റം ചെയ്യാൻ ഏജൻറ്മാർ ശ്രമിക്കുന്നതിലൂടെ വലിയ മാഫിയ ശൃംഖലകളാണ് രൂപപ്പെട്ടു വരുന്നത്. മയക്കുമരുന്ന് പോലുള്ള ലഹരിപദാർഥങ്ങൾ വ്യാപകമാക്കുന്നതിന് വേണ്ടി നിയമത്തിന്റെ തന്നെ സാധ്യതകളെയാണ് ഇത്തരം മാഫിയ സംഘങ്ങൾ ദുരുപയോഗപ്പെടുത്തുന്നത്. ലഹരി വിതരണ ശൃംഖലയിലെ കേവലം ഏജന്റുമാരെ മാത്രമാണ് ചെറിയതോതിൽ എങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയുന്നുള്ളൂ.

 

പലപ്പോഴും യഥാർഥ പ്രതികൾ തങ്ങളുടെ രാഷ്ട്രീയ – സാമൂഹിക സ്വാധീനം ഉപയോഗപ്പെടുത്തി ഭരണകൂടത്തെ വിലയ്ക്കു വാങ്ങുകയാണ്. അനധികൃതമായി ലഹരി കൈവശം വയ്ക്കുന്ന എല്ലാവർക്കുമെതിരെയും ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. എൻ.ഡി.പി.എസ് ആക്ടിലെ കൈവശം വയ്ക്കുന്ന അളവുകളിൽ വാണിജ്യാവശ്യം, ചെറിയ അളവ്, ഇതിനിടയിലുള്ള അളവ് എന്ന വേർതിരിവ് ഒഴിവാക്കണം. ഈ പഴുത് മൂലം നിലവിൽ ഒരു കിലോ വരെ കഞ്ചാവ് സൂക്ഷിച്ചാൽ പോലും പെട്ടെന്ന് ജാമ്യം ലഭിക്കുന്ന അവസ്ഥയുണ്ട്. ഇതുമൂലം കുട്ടികളെ കാര്യർമാരായി ഉപയോഗിക്കാൻ മയക്കു മരുന്ന് മാഫിയയ്ക്ക് സാധ്യമാകുന്നു.

 

അനധികൃതമായി എത്ര കുറഞ്ഞ അളവ് മയക്കുമരുന്നുകൾ കൈവശം വച്ചാലും വലിയ ശിക്ഷ ലഭിക്കുന്ന തരത്തിലേക്ക് നിയമത്തിൽ മാറ്റം വരണം. ലഹരി മാഫിയ സംഘങ്ങളുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ സാങ്കേതിക തടസ്സങ്ങൾ ഇല്ലാതെ തന്നെ സർക്കാർ സേവന മേഖലയിൽ നിന്ന് പിരിച്ചുവിടാനും അവർക്കെതിരെ ശിക്ഷ നടപടി സ്വീകരിക്കാനും സർക്കാരിന് കഴിയണം. ലഹരി വിതരണത്തിൽ വിദ്യാർഥികളെ ദുരുപയോഗപ്പെടുത്തി മയക്കുമരുന്ന് ശൃംഖല വർധിപ്പിക്കുന്ന മാഫിയകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണം. മദ്യമടക്കമുള്ള എല്ലാ ലഹരി വസ്തുക്കളോടും പൊതുസമൂഹത്തിന് തികഞ്ഞ ജാഗ്രത ഉണ്ടാകുന്ന തരത്തിൽ ജനകീയ ബോധവൽക്കരണ പരിപാടികൾ ശക്തിപ്പെടുത്താൻ ജനാധിപത്യ സംഘടനകൾ രംഗത്തു വരണം. സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി മാഫിയകൾക്കെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.