കൊല്‍ക്കത്ത: ദിവസങ്ങള്‍ക്ക് മുമ്പ് വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ രണ്ട് തവണ കല്ലേറുണ്ടായതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ട്. ആല്‍ട്ട് ന്യൂസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ ഡിസംബര്‍ 30നാണ് വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്തത്. ജനുവരി രണ്ട് മുതല്‍ മൂന്ന് തവണ ട്രെയിനിന് നേരേ കല്ലേറുണ്ടായതായാണ് ബിജെപി ബംഗാള്‍ ഘടകം ആരോപിച്ചത്.
|
എന്നാല്‍ ഇത് സംബന്ധിച്ച വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ നല്‍കിയ ചിത്രങ്ങള്‍ പ്രസ്തുത സംഭവത്തിന്റേതല്ലെന്നാണ് ആല്‍ട്ട് ന്യൂസിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ടിങ് വിഭാഗം കണ്ടെത്തിയത്. പുരുലിയ എക്‌സ്പ്രസില്‍ മുമ്പ് നടന്ന കല്ലേറിന്റെ ചിത്രമാണ് ബിജെപിയും മാധ്യമങ്ങളും ഉയര്‍ത്തികാണിക്കുന്നതെന്ന് ആല്‍ട്ട് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമങ്ങള്‍ യാതൊരു സ്ഥിരീകരണവും കൂടാതെയാണ് ഈ ചിത്രങ്ങള്‍ ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. കല്ലേറുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. ബീഹാറില്‍ വന്ദേ ഭാരത് എക്‌സപ്രസിന് നേരെ ഉണ്ടായ കല്ലേറ് ബംഗാളിലേതാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ബിജെപിയുടെ വ്യാജവാര്‍ത്തകള്‍ക്കെതിരേ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും നേരത്തെ രംഗത്ത് വന്നിരുന്നു.



