23
Jan 2023
Tue
23 Jan 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബുദബി: ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് താൽപര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. യുദ്ധങ്ങൾ പാഠങ്ങൾ പഠിപ്പിച്ചുവെന്നും ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായി ഏറ്റുമുട്ടിയതിന്റെ ഫലം ദാരിദ്ര്യവും തൊഴിലില്ലായ്മയും സമ്മർദവുമാണ്. പരസ്പരം ഏറ്റുമുട്ടി സമയവും സമ്പത്തും പാഴാക്കേണ്ടതില്ല. ഇന്ത്യയുമായുള്ള ചർച്ചയ്ക്ക് വഴിതുറക്കാൻ യുഎഇയുടെ സഹായം തേടുമെന്നും ഷെരീഫ് വ്യക്തമാക്കി. ദുബായ് ആസ്ഥാനമായുള്ള അൽ അറബിയ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യൻ നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുള്ള എന്റെ സന്ദേശം, കശ്മീർ പോലുള്ള ഗൗരവമേറിയ വിഷയങ്ങൾ പരിഹരിക്കാൻ ആത്മാർഥമായ ചർച്ചകൾ നടത്താം എന്നതാണ്. സമാധാനപരമായി ജീവിക്കുകയും പുരോഗതി നേടുകയും ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അതിനു പകരം പരസ്പരം വഴക്കിടുന്നത് സമയവും വിഭവങ്ങളും പാഴാക്കുന്നു. ഞങ്ങൾ ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങൾ ചെയ്തു. അവ കൂടുതൽ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ് ജനങ്ങൾക്ക് നൽകിയത്. ഞങ്ങൾ പാഠം പഠിച്ചു. ഇന്ത്യയുമായി സമാധാനത്തിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”– അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഞങ്ങളുടെ അയൽരാജ്യമാണ്. ഞങ്ങൾ അയൽക്കാരാണ്. സമാധാനപരമായി ജീവിക്കുകയും പുരോഗതി പ്രാപിക്കുകയുമാണ് വേണ്ടത്. ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി രാജ്യത്തിന്റെ വിഭവങ്ങൾ പാഴാക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ ആണവശക്തികളാണ്. ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ, എന്താണ് സംഭവിച്ചതെന്ന് പറയാൻ ആരാണ് ജീവിക്കുക?”– അദ്ദേഹം ചോദിച്ചു.

അഭിമുഖത്തിനിടെ കശ്മീർ വിഷയം പരാമർശിച്ച ഷെഹ്ബാസ് ഷെരീഫ്, ‘പാക്കിസ്ഥാൻ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ കശ്മീരിൽ നടക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.