യുക്രയ്നില്‍ കിന്റർഗാർട്ടനുസമീപം ഹെലികോപ്റ്റര്‍ തകര്‍ന്ന് ആഭ്യന്തരമന്ത്രിയും സഹമന്ത്രിയുമടക്കം 18 പേര്‍ മരിച്ചു. യുക്രയ്ന്‍ ആഭ്യന്തര മന്ത്രി ഡെനിസ് മൊണാസ്ട്രിസ്‌കിയും സഹമന്ത്രി യെവ്‌ജെനി യെനിനും മറ്റു പതിനാറുപേരുമാണ് മരിച്ചത്. ആഭ്യന്തര മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും അപകടത്തില്‍ മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം.
|
തലസ്ഥാനമായ കീവിന് പുറത്തുള്ള ബ്രോവറി നഗരത്തിലെ കിന്റര്‍ഗാര്‍ട്ടന് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. 15 കുട്ടികളടക്കം 29 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഹെലികോപ്റ്റര്‍ തകരാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. അപകടം നടക്കുന്ന സമയം കിന്റര്‍ ഗാര്‍ട്ടനില്‍ കുട്ടികളും ജീവനക്കാരുമുണ്ടായിരുന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
റഷ്യൻ അധിനിവേശം നേരിടുന്ന യുക്രയ്ന് കനത്ത നഷ്ടം കൂടിയായ ആഭ്യന്തരമന്ത്രിയടക്കമുള്ളവരുടെ അപകടമരണം.



