യുദ്ധത്തിലേക്ക് വീണ്ടും തിരിച്ചുവരാമെന്നാണ് യുഎസ് കരുതുന്നതെങ്കില്‍ കൂടുതല്‍ ‘വലിയ സര്‍പ്രൈസുകളുണ്ടാകുമെന്ന്’ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാനിലെ യുദ്ധം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ ബില്ല്യന്‍ ഡോളര്‍ വിലമതിക്കുന്ന ഡസന്‍ കണക്കിന് വിമാനങ്ങളാണ് യുഎസിന് നഷ്ടപ്പെട്ടത്. അമേരിക്ക തന്നെ അത് സ്ഥിരീകരിച്ചതാണ്. ഞങ്ങളുടെ ശക്തമായ സായുധ സേന യുഎസിന്റെ എഫ്35 വിമാനം അടിച്ചിട്ടു. ഇനിയും യുദ്ധത്തിലേക്ക് തിരിച്ചുവരികയാണെങ്കില്‍ അതില്‍ നിറയെ അതിശയങ്ങളുണ്ടാകുമെന്ന് അറാഗ്ചി പറഞ്ഞു.
|
ഇറാനെതിരെ സൈനിക ആക്രമണം നടത്താന്‍ യുഎസ് പൂര്‍ണസജ്ജമാണെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് അറാഗ്ചിയുടെ പ്രസ്താവന. ”രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍, ഒരുപക്ഷേ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ഞായറാഴ്ചയോ, അല്ലെങ്കില്‍ അടുത്ത ആഴ്ചയുടെ തുടക്കത്തിലോ ഒരു സൈനിക നീക്കം ഉണ്ടായേക്കാം. ഇറാനെ ഒരു പുതിയ ആണവായുധം നിര്‍മിക്കാന്‍ ഒരുകാലത്തും ഞങ്ങള്‍ അനുവദിക്കില്ല” എന്നാണ് ട്രംപ് പറഞ്ഞത്.
കഴിഞ്ഞ ആഴ്ച്ചകളില്‍ ട്രംപ് സമാനമായ മുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു.
ചൈനീസ് കപ്പലുകള്‍ യാത്ര തിരിച്ചു
രണ്ട് മാസമായി പേര്‍ഷ്യന്‍ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന നാല്പത് ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയടങ്ങിയ രണ്ട് ചൈനീസ് സൂപ്പര്‍ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് യാത്ര തിരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എല്‍.എസ്.ഇ.ജി (LSEG), കെപ്ലര്‍ (Kpler) എന്നിവയില്‍ നിന്നുള്ള ഷിപ്പിംഗ് വിവരങ്ങള്‍ ഉദ്ധരിച്ച്, ‘യുവാന്‍ ഗുയി യാങ്’ (Yuan Gui Yang), ‘ഓഷ്യന്‍ ലിലി’ (Ocean Lily) എന്നീ കപ്പലുകള്‍ ഇന്ന് ഈ സമുദ്രപാത കടന്നുപോയതായി ഏജന്‍സി വ്യക്തമാക്കി.
യുഎസ്-ഇസ്രായേല്‍-ഇറാന്‍ യുദ്ധം ആരംഭിക്കുന്നതിന് തലേദിവസം, ഫെബ്രുവരി 27-നാണ് യുവാന്‍ ഗുയി യാങ് കപ്പലില്‍ 20 ലക്ഷം ബാരല്‍ ഇറാഖി ബസ്ര അസംസ്‌കൃത എണ്ണ കയറ്റിയത്. ഫെബ്രുവരി അവസാനവാരത്തിനും മാര്‍ച്ച് ആദ്യവാരത്തിനും ഇടയിലായി ഓഷ്യന്‍ ലിലി കപ്പലില്‍ ഖത്തറിന്റെ അല്‍-ഷഹീന്‍, ഇറാഖി ബസ്ര എന്നിവയില്‍ നിന്ന് 10 ലക്ഷം ബാരല്‍ വീതം അസംസ്‌കൃത എണ്ണയും കയറ്റിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Tehran warns of ‘many more surprises’ if conflict resumes


