21
May 2026
Thu
21 May 2026 Thu
hormuz ships

ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ സ്തംഭനാവസ്ഥയില്‍ തുടരുന്നതിനിടയില്‍, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായി നിയന്ത്രിച്ച് ഇറാന്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 26 കപ്പലുകള്‍ കടലിടുക്കിലൂടെ കടന്നുപോയത് തങ്ങളുടെ പൂര്‍ണ്ണമായ മേല്‍നോട്ടത്തിലാണെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) വ്യക്തമാക്കി. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇസ്നയാണ് (ISNA) ബുധനാഴ്ച ഈ വിവരം പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എല്ലാ കപ്പല്‍ ഗതാഗതവും ഐ.ആര്‍.ജി.സി നേവിയുടെ പ്രത്യേക അനുമതിയോടും ഏകോപനത്തോടും കൂടി മാത്രമായിരിക്കും ഇനി അനുവദിക്കുകയെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇതിന് പിന്നാലെ ഇറാന്റെ പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയിറ്റ് അതോറിറ്റി (PGSA), തങ്ങളുടെ അനുമതിയില്ലാതെ കപ്പലുകള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത നിയന്ത്രിത സമുദ്രമേഖല വ്യക്തമാക്കുന്ന പുതിയ ഭൂപടം എക്‌സ് (X) പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിച്ചു. ഇറാന്റെ കുഹ്-ഇ മുബാറക് മുതല്‍ യു.എ.ഇയിലെ ഫുജൈറയുടെ തെക്ക് ഭാഗം വരെയും, ഖേഷ്ം ദ്വീപിന്റെ അഗ്രം മുതല്‍ ഉം അല്‍-ഖുവൈന്‍ വരെയുമുള്ള വലിയൊരു മേഖലയാണ് ഇറാന്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരിക്കുന്നത്.

ആഗോള വിപണിയില്‍ വന്‍ പ്രത്യാഘാതം

ഫെബ്രുവരി 28-ന് ആരംഭിച്ച യു.എസ്-ഇസ്രായേല്‍ സംയുക്ത ഇറാന്‍ വിരുദ്ധ യുദ്ധത്തെത്തുടര്‍ന്നാണ് തന്ത്രപ്രധാനമായ ഈ ജലപാത ഇറാന്‍ ഉപരോധിക്കുന്നത്. ലോകത്തെ ആകെ ഊര്‍ജ്ജ കയറ്റുമതിയുടെ അഞ്ചിലൊന്നും കടന്നുപോയിരുന്ന പാതയാണിത്. ഇതിന് മറുപടിയായി ഇറാന്റെ തുറമുഖങ്ങള്‍ക്ക് മേല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടവും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ഇറാന്റെ പ്രധാന വരുമാനമാര്‍ഗ്ഗമായ എണ്ണ കയറ്റുമതി പൂര്‍ണ്ണമായും തടസ്സപ്പെട്ടു.

ALSO READ: ”പുറത്തിറങ്ങി നടക്കേണ്ടതല്ലേ, പാണ്ടി വണ്ടികളെല്ലാം വരും!!”; രക്ഷാ പ്രവര്‍ത്തനം ചിത്രീകരിച്ച ജയ്ഹിന്ദ് കാമറാമാന് ഭീഷണി; ഷൗക്കത്തലിക്ക് പണി കൂടും

ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ കൊമ്പുകോര്‍ക്കല്‍ ആഗോള ഊര്‍ജ്ജ വിപണിയെ മാത്രമല്ല, ലോകത്തെയാകെ പട്ടിണിയിലേക്കും വലിയൊരു മാനുഷിക ദുരന്തത്തിലേക്കും തള്ളിവിടുമെന്ന് യുണൈറ്റഡ് നേഷന്‍സിന്റെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (FAO) മുന്നറിയിപ്പ് നല്‍കുന്നു. ഈ ഉപരോധം അടുത്ത ആറ് മുതല്‍ പന്ത്രണ്ട് മാസത്തിനുള്ളില്‍ ആഗോളതലത്തില്‍ കടുത്ത ഭക്ഷ്യവിലക്കയറ്റത്തിന് കാരണമാകുമെന്നാണ് റോം ആസ്ഥാനമായുള്ള എഫ്.എ.ഒ വ്യക്തമാക്കുന്നത്. ഇത് വെറുമൊരു ഷിപ്പിംഗ് അല്ലെങ്കില്‍ ഊര്‍ജ്ജ പ്രതിസന്ധി മാത്രമല്ലെന്നും, ഘട്ടം ഘട്ടമായി കാര്‍ഷിക മേഖലയെയും വിത്തുകളുടെയും വളത്തിന്റെയും ലഭ്യതയെയും ബാധിക്കുന്ന വന്‍ സാമ്പത്തിക ആഘാതമായി മാറുമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

ചര്‍ച്ചകള്‍ സ്തംഭനാവസ്ഥയില്‍, യുദ്ധഭീതി ഒഴിയാതെ

ഇറാനുമായുള്ള ചര്‍ച്ചകളില്‍ ചില പുരോഗതികള്‍ ഉണ്ടെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും, കരാറിലെത്തിയില്ലെങ്കില്‍ വീണ്ടും ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന ഭീഷണി അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, വീണ്ടുമൊരു യുദ്ധമുണ്ടായാല്‍ അത് പല അത്ഭുതങ്ങളും നിറഞ്ഞതായിരിക്കുമെന്നും, ആക്രമിക്കപ്പെട്ടാല്‍ തങ്ങള്‍ പോരാട്ടം ഈ മേഖലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുമെന്നും ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും ഐ.ആര്‍.ജി.സിയും മുന്നറിയിപ്പ് നല്‍കി.

ഉപരോധം നീളുന്നതിനനുസരിച്ച് തങ്ങള്‍ക്ക് കൂടുതല്‍ മേല്‍ക്കോയ്മ ലഭിക്കുമെന്നും എതിരാളികള്‍ സാമ്പത്തികമായി തകരുമെന്നുമാണ് ഇരുപക്ഷവും വിശ്വസിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ സീനിയര്‍ ഫെലോ വില്‍ ടോഡ്മാന്‍ അല്‍ ജസീറയോട് പറഞ്ഞു. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തില്‍ പെട്ടെന്നൊരു പരിഹാരം വിദൂരമാണെന്നാണ് വിലയിരുത്തലുകള്‍.

Iran claims it coordinated passage of 26 vessels out of Hormuz in 24 hours