01
May 2026
Sat
01 May 2026 Sat
DIESEL PETROL PRICE HIKE

പശ്ചിമേഷ്യന്‍ പ്രതിസന്ധി കാരണം പറഞ്ഞ് ഇന്ധന വില കുത്തനെ കൂട്ടുന്നു. രാജ്യത്ത് വീണ്ടും പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 0.87 രൂപയും ഡീസല്‍ വില ലിറ്ററിന് 0.91 രൂപയുമാണ് വര്‍ധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസം മൂന്നാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടിയതെന്നാണ് ന്യായീകരണം. മെയ് 15ന് ലിറ്ററിന് 3 രൂപയും തുടര്‍ന്ന് മെയ് 19ന് 90 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ പത്ത് ദിവസത്തിനുള്ളില്‍ ലിറ്ററിന് ആകെ മൊത്തം ഏകദേശം 5 രൂപയോളമാണ് വര്‍ധിച്ചത്.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പുകള്‍ അവസാനിച്ചതിന് തൊട്ടു പിന്നാലെ മെയ് 15 മുതലാണ് എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികള്‍ (OMCs) പ്രതിമാസം 1,000 കോടി രൂപയുടെ നഷ്ടം നേരിടുന്നുണ്ടെന്ന് കേന്ദ്രം അവകാശപ്പെട്ടിരുന്നു. ഇന്ത്യയില്‍ മതിയായ അളവില്‍ ഇന്ധനമുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് വില വര്‍ധന.

‘രാജ്യത്തുടനീളം പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യത്തിന് മതിയായ അളവില്‍ ലഭ്യത ഇന്ത്യയിലുണ്ട്. പരിഭ്രാന്തി ഒഴിവാക്കി യഥാര്‍ഥ ആവശ്യാനുസരണം മാത്രം ഇന്ധനം വാങ്ങാന്‍ പൗരന്മാരോട് നിര്‍ദേശിക്കുന്നു. ചില റീട്ടെയില്‍ ഔട്ട്ലെറ്റുകളിലെ താല്‍ക്കാലിക സമ്മര്‍ദം എണ്ണ മാര്‍ക്കറ്റിങ് കമ്പനികളുടെ തുടര്‍ച്ചയായ വിതരണ നിരീക്ഷണത്തിലൂടെയും ഏകോപിപ്പിച്ച വിതരണ ശ്രമങ്ങളിലൂടെയും പരിഹരിക്കപ്പെടുന്നു’ എന്നായിരുന്നു പെട്രോളിയം മന്ത്രാലയം ട്വീറ്റ് ചെയ്തത്.

2022 ഏപ്രില്‍ മുതല്‍ പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. റഷ്യന്‍ യുക്രെയ്ന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില വിപണികളില്‍ ഉണ്ടാക്കുന്ന ചാഞ്ചാട്ടത്തില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് ദിവസേനയുള്ള ഇന്ധന വില പരിഷ്‌കരണങ്ങള്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇതിനിടെ, 2024 മാര്‍ച്ചില്‍ ലിറ്ററിന് 2 രൂപ കുറയ്ക്കുകയും ചെയ്തു.

നിലവിലെ ഇന്ധന വില

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 112.60 രൂപയായി. ഡീസല്‍ വില 101 രൂപ കടന്നു. ഡല്‍ഹിയില്‍ പെട്രോള്‍ വില ലീറ്ററിന് 98.64 രൂപയില്‍ നിന്ന് 99.51 രൂപയായി. ഡീസല്‍ വില 91.58 രൂപയില്‍ നിന്ന് 92.49 രൂപയായി. കൊല്‍ക്കത്തയില്‍ പെട്രോള്‍ 110.57 രൂപ, ഡീസല്‍ 96.04 രൂപ, മുംബൈ പെട്രോള്‍ 107.56 രൂപ, ഡീസല്‍ 94.05 രൂപ, ചെന്നൈ പെട്രോള്‍ 104.54 രൂപ, ഡീസല്‍ 96.16 രൂപ.

വില ഇനിയും വര്‍ദ്ധിക്കുമോ?

പശ്ചിമേഷ്യയില്‍ നടന്ന് കൊണ്ടിരിക്കുന്ന സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്കിലൂടെയപള്ള ഇന്ധന വിതരണം താറുമാറായതുമാണ് തിരിച്ചടിയായത്. സംഘര്‍ഷം തുടരുന്നത് ക്രൂഡ് ഓയില്‍ വില കൂട്ടുകയും രാജ്യത്ത് ഇന്ധന വില വര്‍ധനവിന് കാരണമാവുകയും ചെയ്യും. ഇനിയും പെട്രോള്‍, ഡീസല്‍ വില കൂട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Petrol, Diesel price hike again; third time this month

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക