കോപൻഹേഗൻ: ഇനിയും ഖുർആൻ കത്തിക്കുമെന്ന ഭീഷണിയുമായി തീവ്ര വലതുപക്ഷ നേതാവ് റാസ്മസ് പലുദാൻ. ഡെൻമാർക്കിൽ പള്ളിക്കു മുന്നിലും ഡെന്മാർക്കിലെ തുർക്കി എംബസിക്ക് മുന്നിലും വെച്ച് ഖുർആന്റെ പ്രതികൾ കത്തിച്ചശേഷമാണ് കൂടുതൽ പ്രകോപനമുണ്ടാക്കുമെന്ന് പലുദാൻ പറഞ്ഞത്.
|
വെള്ളിയാഴ്ചയാണ് തീവ്ര വലതുപക്ഷ, ഇസ്ലാം വിരുദ്ധ ആക്റ്റിവിസ്റ്റായ റാസ്മസ് പലുദാൻ ഡെന്മാർക്ക് തലസ്ഥാനമായ കോപൻഹേഗിലെ മസ്ജിദിന് മുൻപിലും ഡെന്മാർക്കിലെ തന്നെ തുർക്കി എംബസിക്ക് മുന്നിലും വെച്ച് ഖുർആൻ കത്തിച്ചതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. ഡെൻമാർക്കിന്റെയും സ്വീഡന്റെയും ഇരട്ട പൗരത്വമുള്ള പലുദാൻ ജനുവരി 21നാണ് സ്വീഡനിൽ ഖുർആൻ കത്തിക്കുന്ന പ്രതിഷേധം നടത്തി തുർക്കി സർക്കാരിനെതിരായ പ്രക്ഷോഭത്തിന് തുടക്കമിട്ടത്. പൊലിസിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. ഇതിനു പിന്നാലെ മുസ്ലിം ലോകവും തുർക്കിയും സ്വീഡനും ഡെന്മാർക്കിനുമെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. സ്വീഡനെ നാറ്റോയിൽ പ്രവേശിപ്പിക്കുന്നതുവരെ എല്ലാ വെള്ളിയാഴ്ചയും ഖുർആൻ കത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തുർക്കി സർക്കാർ തീവ്രവാദ പട്ടികയിൽപെടുത്തിയ കുർദുകൾക്കുള്ള പിന്തുണ തുടരുന്നു എന്നാരോപിച്ച് സ്വീഡന്റെയും അയൽരാജ്യമായ ഫിൻലൻഡിന്റെയും നാറ്റോ പ്രവേശനത്തെ തുർക്കി എതിർത്തിരുന്നു. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെയാണ് നേരത്തെയുള്ള നിഷ്പക്ഷ നിലപാട് മാറ്റിവെച്ച് ഇരു രാജ്യങ്ങളും നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചത്. ഇവരുടെ നാറ്റോ പ്രവേശനത്തിന് എല്ലാ നാറ്റോ അംഗങ്ങളുടെയും അംഗീകാരം ആവശ്യമാണ്.
എന്നാൽ തുർക്കിയുടെ നിലപാടിൽ പ്രതിഷേധിച്ച് തുർക്കിയെ പ്രകോപിപിക്കാൻ വേണ്ടിയാണ് പലുദൻ തുർക്കി എംബസിക്ക് മുന്നിൽ ഖുർആൻ കത്തിക്കൽ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. കുർദിഷ് സായുധ ഗ്രൂപ്പുകൾ, ആക്ടിവിസ്റ്റുകൾ, ‘തീവ്രവാദികൾ’ എന്ന് അവർ കരുതുന്ന മറ്റ് ഗ്രൂപ്പുകൾ എന്നിവരെ അടിച്ചമർത്താൻ അങ്കാറ ഇരു രാജ്യങ്ങളിലും നേരത്തെ സമ്മർദ്ദം ചെലുത്തിയിരുന്നു.



