|
കോഴിക്കോട്: കേന്ദ്ര ഹജ്ജ് നയത്തിന്റെ കരടിന് അംഗീകാരമായി. നെടുമ്പാശേരി വിമാനത്താവളത്തിനുപുറമെ കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങൾകൂടി ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേർന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് കരടിന് അംഗീകാരം നൽകിയത്. വി.ഐ.പി ക്വാട്ട നിർത്തലാക്കിയതും ഹജ്ജിന് തീർത്ഥാടകർക്ക് സൗജന്യമായി അപേക്ഷിക്കാമെന്നതുമാണ് മറ്റ് പ്രധാന മാറ്റം. നേരത്തെ 300 രൂപയോളമായിരുന്നു ഹജ്ജ് തീർത്ഥാടനത്തിനുള്ള അപേക്ഷ ഫീസ്.
മുതിർന്ന പൗരൻമാർക്കും അംഗപരിമിതർക്കും വനിതകൾക്കും പുതിയ നയത്തിൽ മുൻഗണന നൽകുന്നുണ്ട്. 50000 രൂപയോളം കുറവ് ഓരോ തീർത്ഥാടകനും പുതിയ ഹജ്ജ് നയത്തിലൂടെ ലഭിക്കുമെന്ന് ന്യൂനപക്ഷ മന്ത്രാലയം അവകാശപ്പെടുന്നത്. ബാഗ്, സ്യൂട്ട്കെയ്സ്, കുട തുടങ്ങിയ വസ്തുകൾക്കായി തീർത്ഥാടകർ പണം നൽകേണ്ടതില്ല.
സ്വന്തം നിലക്ക് ഈ വസ്തുക്കൾ ഹാജിമാർക്ക് വാങ്ങാം.ഇന്ത്യക്കായി അനുവദിച്ചിട്ടുള്ള ഹജ്ജ് ക്വാട്ടയിൽ 80 ശതമാനം ഹജ്ജ് കമ്മിറ്റിക്ക് കീഴിലും 20 ശതമാനം സ്വകാര്യ ട്രാവൽ ഏജൻസികൾക്കുമായാണ് വീതിച്ച് നൽകിയിട്ടുള്ളത്. നേരത്തെ ഒരു തവണ ഹജ്ജ് ചെയ്തവർക്ക് ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ വീണ്ടും ഹജ്ജിന് അപേക്ഷ നൽകാൻ കഴിയില്ല. വിഐപികൾക്കും ഇനി സാധാരണ തീർത്ഥാടകരായി തന്നെ ഹജ്ജ് നിർവഹിക്കേണ്ടി വരും.
ഹജ്ജ് നയത്തിന്റെ കരട് ഒരുമാസംമുമ്പ് പുറത്തിറക്കിയിരുന്നു.



