|
മലപ്പുറം: അയല്‍ക്കാരിയായ ചക്കി മരണപ്പെട്ടപ്പോള്‍ തനിച്ചായ മൂന്ന് മക്കളെ സ്വന്തം മക്കളെ പോലെ നോക്കി വളര്‍ത്തിയ സുബൈദയുടെ ജീവിത കഥയായ എന്ന് സ്വന്തം ശ്രീധരന് എന്ന ചിത്രം പൂര്‍ത്തിയായി. സിനിമ ഉടന്‍ പ്രദര്‍ശനത്തിനെത്തുകയാണ്. സിദ്ദിഖ് പറവൂറാണ് സംവിധാനം ചെയ്തത്. എഴുത്തുകാരന് ശിഹാബുദ്ദീന് പൊയ്ത്തുംകടവ്, നിലമ്പൂര്‍ ആയിഷ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം രാജ്യാന്തരപ്രദര്‍ശനങ്ങള്‍ക്കു ശേഷമാണ് കേരളത്തില്‍ എത്തുന്നത്. ചിത്രം ജനുവരി ഒമ്പതിന് കൊച്ചിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
അയല്‍ക്കാരിയായ സുഹൃത്ത് ചക്കി മരണപ്പെട്ടപ്പോള്‍ ആരോരുമില്ലാതായ മൂന്ന് മക്കളെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി സ്വന്തം മക്കളെപ്പോലെ വളര്‍ത്തി വലുതാക്കിയ സുബൈദയുടെയുടെയും ഭര്‍ത്താവ് അസീസ് ഹാജിയുടെയും ജീവിത കഥയാണ് ‘എന്ന് സ്വന്തം ശ്രീധരന്’.
മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ കാളികാവ് സ്വദേശിയായ ചക്കിയുടെ മക്കളെയാണ് അവരുടെ മരണ ശേഷം അയല്‍വാസിയും സുഹൃത്തുമായിരുന്ന സുബൈദ ജീവിതത്തിലേക്ക് ഏറ്റെടുത്ത്. ശ്രീധരനെന്ന ആണ്‍കുട്ടിയും രണ്ട് സഹോദരിമാര്‍ക്കും അമ്മയുടെ മരണത്തോടെ ജീവിതം തന്നെ കൈവിട്ട് പോയ നിലയിലായിരുന്നു. നേരത്തെ അച്ഛന് മരിച്ച ഇവരെ ചക്കി വീട്ടു ജോലി ചെയ്തായിരുന്നു വളര്‍ത്തിയത്. അമ്മ കൂടി പോയതോടെ തനിച്ചാക്കപ്പെട്ട മൂന്നു പേരെയും സുബൈദയും ഭര്‍ത്താവും തങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരികയായിരുന്നു.
മക്കളെ ചക്കിയുടെ അതേ വിശ്വാസമായ ഹിന്ദുമത വിശ്വാസത്തോടെയാണ് സുബൈദ നോക്കി വളര്‍ത്തിയത്. ചക്കിയുടെ മക്കളിലൊരാളായ ശ്രീധരന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഉറവ വറ്റാത്ത സുബൈദയുടെ കഥ ലോകമറിയുന്നത്. സുബൈദയുടെ മരണത്തിന് പിന്നാലെയാണ് ചക്കിയുടെ മകന് ശ്രീധരന് തന്റെ ഉമ്മയെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.
സുരേഷ് നെല്ലിക്കോട്, സച്ചിന് റോയ്, നിര്‍മ്മല കണ്ണന്, വൈഭവ് അമര്‍നാഥ്, ഹര്‍ഷ അരുണ്‍, ഡോ. ഷാലി അശോക്, രജിത സന്തോഷ്, ആര്യ, അബ്ദല്‍ ലത്തീഫ് എന്നിവരാണ് ‘എന്ന് സ്വന്തം ശ്രീധരനിലെ’ മറ്റുപ്രധാനകഥാപാത്രങ്ങള്‍. നിലമ്പൂരാണ് കഥാപശ്ചാത്തലം. ഫസലുല്‍ ഹക്ക് ആണ് അസോസിയേറ്റ് ഡയറക്ടര്‍. കലാസംവിധാനം സുബൈര്‍ പാങ്ങ്.



