അങ്കാറ: ഭൂകമ്പം കനത്ത നാശം വിതച്ച തുർക്കിയിലും സിറിയയിലുമായി മരണസംഖ്യ 11,400 കവിഞ്ഞു. ഔദ്യോഗിക കണക്കനുസരിച്ച് 11,416 പേരാണു മരിച്ചത്. ആറായിരത്തിലേറെ തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിയ ആയിരങ്ങൾക്കായി കടുത്ത തണുപ്പിനെ അവഗണിച്ചും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അരലക്ഷത്തോളം പേർ ചികിത്സയിലാണ്.
|
ആകെ മരണം 20,000 കടന്നേക്കാമെന്നാണു ലോകാരോഗ്യ സംഘടനയുടെ നിഗമനം. മേഖലയിൽ 1999ൽ ഉണ്ടായ സമാനമായ ഭൂകമ്പത്തിൽ 17,000 പേർക്കു ജീവൻ നഷ്ടപ്പെട്ടിരുന്നു. തുർക്കിയിൽ 8,754 പേർ മരിച്ചതായി പ്രസിഡന്റ് റജബ് ത്വയ്യിബ്് എർദോഗൻ പറഞ്ഞു. തെക്കൻ തുർക്കിയിലെ ഭൂകമ്പബാധിത പ്രദേശമായ കഹറാമൻമറാഷ് എർദോഗൻ സന്ദർശിച്ചു. ദുരന്തമുണ്ടായ ആദ്യ ദിവസം രക്ഷാപ്രവർത്തനത്തിൽ ചില പ്രശ്‌നമുണ്ടായിരുന്നെന്നും നിലവിൽ കാര്യങ്ങൾ നിയന്ത്രണത്തിലാണെന്നും എർദോഗൻ വ്യക്തമാക്കി.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള സഹായം ഇരുരാജ്യങ്ങളിലേക്കും എത്തിത്തുടങ്ങി. റോഡുകൾ തകർന്നതിനാൽ അടിയന്തര വൈദ്യസഹായം ദുരന്തമേഖലയിലേക്ക് എത്താൻ വൈകുന്നതായി പരാതിയുണ്ട്. രക്ഷാപ്രവർത്തനം വൈകുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകൾ പ്രതിഷേധിച്ചു. ‘പ്രകോപിതരെ’ അവഗണിക്കാനും ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരാനും ജനം ശ്രദ്ധിക്കണമെന്ന് എർദോഗൻ ആവശ്യപ്പെട്ടു.
5775 കെട്ടിടങ്ങൾ പൂർണമായി തകർന്നതായി തുർക്കി അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടാകുമെന്നാണ് വിലയിരുത്തൽ.
കൊടും തണുപ്പും മഴയും മോശം കാലാവസ്ഥയും തകർന്ന റോഡുകളും രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുന്നു. രക്ഷാപ്രവർത്തകർക്ക് ഇപ്പോഴും പലയിടങ്ങളിലും എത്താനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വൈദ്യുതി ബന്ധങ്ങളും പൂർണമായി താറുമാറായി. തുർക്കിയിലെ 10 പ്രവിശ്യകൾ ദുരിതബാധിതമായി പ്രഖ്യാപിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
രക്ഷാപ്രവർത്തനം വേഗത്തിൽ നടക്കുന്നത് ഉറപ്പാക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് പ്രസിഡന്റ് തയ്യിപ് എർദോഗൻ പറഞ്ഞു. തുർക്കി അധികൃതരുടെ കണക്കുപ്രകാരം മൂന്നു ശക്തമായ ഭൂചലനത്തിനൊപ്പം 285 തുടർചലനങ്ങളും ഉണ്ടായി. തുർക്കിയിലെ പ്രഭവകേന്ദ്രത്തിൽനിന്ന് 100 കിലോമീറ്റർ അകലെ സിറിയയിലെ ഹമയിൽ വരെ കെട്ടിടങ്ങൾ തകർന്നു.
ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽനിന്നുള്ള സഹായം ഇരുരാജ്യങ്ങളിലേക്കും എത്തിത്തുടങ്ങി. രക്ഷാപ്രവർത്തനത്തിനും വൈദ്യസഹായത്തിനുമായി ഇന്ത്യയുടെ കരസേന, ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങൾ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇന്നലെ തുർക്കിയിലും സിറിയയിലും എത്തിയത്.



