22
Feb 2023
Sat
22 Feb 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

അങ്കാറ: തുർക്കിയിലും സിറിയയിലും ഭൂകമ്പമുണ്ടായി അഞ്ച് ദിവസം പിന്നിടുമ്പോൾ മരണസംഖ്യ 23,000 കടന്നു. തുർക്കിയിൽ 19,000ത്തിലേറെ പേരും സിറിയയിൽ നാലായിരത്തോളം പേരും മരിച്ചതായാണ് കണക്കുകൾ. തുർക്കിയിൽ പരിക്കേറ്റ് 75,523 പേരും സിറിയയിൽ 5245 പേരും ചികിത്സയിലാണ്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പൂർണമായി പുറത്തെടുക്കാനാകാത്തതിനാൽ ദുരന്തത്തിന്റെ വ്യാപ്തി പൂർണമായി വ്യക്തമല്ല. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിപ്പോയവർ അതിജീവിക്കാനുള്ള സാധ്യത ഇനി വിരളമാണെന്നാണ് നിഗമനം. എന്നാൽ, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചിലരെ ജീവനോടെ രക്ഷിക്കാനാകുന്നത് രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷയേകുന്നു.

അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാനും ഭൂകമ്പം ബാധിച്ചവരെ പിന്തുണയ്ക്കുന്നതിനുമായി അടിയന്തര ധനസഹായം ഉൾപ്പെടെ 1.78 ബില്യൺ ഡോളർ (ഏകദേശം 1.46 ലക്ഷം കോടി രൂപ) തുർക്കിക്ക് നൽകുമെന്ന് ലോക ബാങ്ക് വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സഹായം എത്തിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും വ്യക്തമാക്കി. പതിനായിരങ്ങളെ ദുരിതത്തിലാഴ്ത്തിയ പ്രകൃതിദുരന്തത്തിൽ മറ്റ് വിയോജിപ്പുകൾ മറന്ന് ജനങ്ങൾ ഒന്നിച്ചു നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭൂകമ്പത്തെ അതിജീവിച്ചവർക്ക് പാർപ്പിടം, ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ വേഗത്തിൽ ലഭ്യമാക്കിയില്ലെങ്കിൽ രണ്ടാമത്തെ മാനുഷിക ദുരന്തമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കെട്ടിടങ്ങളും വീടുകളും മറ്റും തകർന്ന് റോഡുകൾ അടഞ്ഞതോടെ പല സ്ഥലത്തും ദുരിതാശ്വാസം എത്തിക്കാനാകാത്തതാണ് വെല്ലുവിളി. കടുത്ത ശൈത്യവും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാണ്. ദുരന്തത്തെ അതിജീവിച്ചവർ ഭക്ഷണവും മരുന്നും പാർപ്പിടവുമില്ലാതെ വലയുകയാണെന്നാണ് റിപ്പോർട്ട്.