21
Feb 2023
Fri
21 Feb 2023 Fri

ഡല്‍ഹി: ഒരു ദേശീയ മാധ്യമം നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ ഇന്ത്യന്‍ ടീമിനുള്ളിലെ രഹസ്യങ്ങള്‍ പുറത്ത് വിട്ട ബിസിസിഐ ദേശീയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ രാജിവച്ചു. ബിസിസിഐ സെക്രട്ടറി ജയ്ഷാ രാജി സ്വീകരിച്ചിട്ടുണ്ട്. ജനുവരിയിലാണ് ചേതന്‍ ശര്‍മ്മ വീണ്ടും ചെയര്‍മാന്‍ സ്ഥാനത്തെത്തിയത്. രണ്ട് ദിവസം മുമ്പാണ് ചേതന്‍ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഫിറ്റ്‌നെസ് നിലനിര്‍ത്താനായി നിരോധിത മരുന്നുകള്‍ കുത്തിവയ്ക്കുന്നുവെന്നാണ് ചേതന്‍ ശര്‍മ്മ വെളിപ്പെടുത്തിയത്. ഓരോ മല്‍സരങ്ങള്‍ക്കും 100 ശതമാനം ഫിറ്റായ താരങ്ങളെ ആവശ്യമാണ്. ഇതിനായി ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് ഇന്ത്യന്‍ ടീമിലെ നിരവധി താരങ്ങള്‍ നിരോധിത മരുന്ന് കഴിക്കുന്നത്. ഈ മരുന്നിന്റെ ഉപയോഗം ഡോപ്പിങ് ടെസ്റ്റില്‍ കണ്ടുപിടിക്കാന്‍ കഴിയില്ലെന്നും ശര്‍മ്മ വ്യക്തമാക്കുന്നു.

കഴിവുള്ള 100 ശതമാനം ഫിറ്റായ മറ്റ് താരങ്ങളുടെ അവസരമാണ് ഇത് കാരണം ഇല്ലാതാവുന്നത്. ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം താരങ്ങളും പൂര്‍ണ്ണമായും ഫിറ്റ് അല്ല. എന്നാല്‍ ഇവരെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമാണ് മുകളില്‍ നിന്ന് ലഭിക്കുക.ദേശീയ ക്രിക്കറ്റ് അക്കാഡമിയും ഇതിന് കൂട്ടുനില്‍ക്കുന്നു-ശര്‍മ്മ പറയുന്നു.
രോഹിത്ത് ശര്‍മ്മ, ഹാര്‍ദ്ദിക്ക് പാണ്ഡെ എന്നിവര്‍ ചീഫ് സെല്കടര്‍മാരെ സ്വാധീനിക്കാറുണ്ട്. സീനിയര്‍ താരങ്ങള്‍ നിലനില്‍പ്പിനായി മറ്റ് താരങ്ങളെ ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടാറുമുണ്ട്. വിരാട് കോഹ്‌ലിയും സൗരവ് ഗാംഗുലിയും തമ്മിലുള്ള അസ്വാരസ്യങ്ങളും ചേതന്‍ ശര്‍മ്മ വ്യക്തമാക്കുന്നുണ്ട്.