28
Feb 2023
Sat
28 Feb 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റായ്പൂർ: കോണൺഗ്രസ് പ്രവർത്തകർക്ക് മദ്യപാനവും മറ്റ് ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നതിനെ വിലക്കുന്ന ചട്ടം പരിഷ്‌കരിച്ചു. കോൺഗ്രസ് ഭരണഘടനയുടെ ഇതുസംബന്ധിച്ച വി(ബി)(സി) അനുച്ഛേദം ആണ് ഭേദഗതിചെയ്തത്. പ്രവർത്തകർ ലഹരിയും മദ്യവും ഉപയോഗിക്കുന്നതിൽനിന്ന് അകന്നുനിൽക്കണമെന്നാണ് ഈ ചട്ടത്തിലുള്ളത്. ഭേദഗതി വന്നതോടെ നിരോധിത ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിന് മാത്രമായി വിലക്ക് ചുരുങ്ങി. ഭേദഗതിയിൽ മദ്യം എന്ന വാക്ക് ഒഴിവാക്കിയതായി കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. അംബികാ സോണിയും രൺദീപ് സുർജെവാലയും അടങ്ങുന്ന സമിതിയാണ് ഈ ഭേദഗതി കൊണ്ടുവന്നത്.
ഇതുൾപ്പെടെയുള്ള 16 ഭേദഗതികളാണ് പ്ലീനറി സമ്മേളനത്തിൽ കോൺഗ്രസ് കൊണ്ടുവന്നത്. ഇതിന് പ്ലീനറി സമ്മേളനത്തിന്റെ അംഗീകാരം ലഭിച്ചാൽ മാത്രമെ പരിഷ്‌കരണം പ്രാബല്യത്തിൽ വരൂ.

അതേസമയം, കോൺഗ്രസിന്റെ ഉന്നത നയരൂപീകരണവേദിയായ പ്രവർത്തക സമിതി(സി.ഡബ്യു.സി) അംഗങ്ങളെ കണ്ടെത്തുന്നതിന് തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. പകരം പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സമിതിയിലേക്ക് അംഗങ്ങളെ നാമനിർദേശംചെയ്യും. സമിതിയിലേക്കുള്ള മുഴുവൻ അംഗങ്ങളെയും നാമനിർദേശം ചെയ്യാൻ മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്താൻ സ്റ്റിയറിങ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചെന്ന് കോൺഗ്രസ് മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് അറിയിച്ചു.

ഛത്തിസ്ഗഡിലെ റായ്പൂരിൽ തുടങ്ങിയ മൂന്നുദിവസത്തെ പ്ലീനറി സമ്മേളനത്തിന്റെ ഒന്നാം ദിവസത്തെ ആദ്യപരിപാടിയായിരുന്നു സ്റ്റിയറിങ് കമ്മിറ്റി യോഗം. ഈ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. എല്ലാ അംഗങ്ങളും ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനത്തിലെത്തിയതെന്ന് യോഗതീരുമാനം വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ജയ്‌റാം രമേശ് അറിയിച്ചെങ്കിലും പ്രസിഡന്റ് നാമനിർദേശം ചെയ്യുന്ന രീതിക്കെതിരേ യോഗത്തിൽ കടുത്ത വിമർശനം ഉയർന്നതായാണ് സൂചന. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യകക്ഷിയെന്ന നിലയ്ക്ക് നോമിനേഷൻ രീതി നിർത്തി തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുതിർന്ന അംഗങ്ങളുൾപ്പെടെ ആവശ്യപ്പെട്ടു. മുൻ കേന്ദ്രമന്ത്രി പി. ചിദംബരം, ഡൽഹി മുൻ പി.സി.സി അധ്യക്ഷൻ അജയ് മാക്കൻ, ദേശീയവക്താവ് അഭിഷേക് മനു സിങ്വി, ജനറൽ സെക്രട്ടറിയും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ് അടക്കമുള്ളവരാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് സൂചന.

റായ്പൂരിലെ ഷഹീദ് നാരായൺസിങ് നഗറിൽ നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഗാന്ധി കുടുംബത്തിൽനിന്നുള്ള ആരും പങ്കെടുത്തില്ല. യോഗം കഴിഞ്ഞ് വൈകീട്ടോടെയാണ് മുൻ അധ്യക്ഷരായ സോണിയഗാന്ധിയും രാഹുൽഗാന്ധിയും റായ്പൂരിലെത്തിയത്. യോഗതീരുമാനങ്ങളിൽ ഗാന്ധികടുംബത്തിൽനിന്നുള്ളവർ ഇടപെട്ടെന്ന ആക്ഷേപം ഇല്ലാതിരിക്കാനാണ് ഇവർ പങ്കെടുക്കാതിരുന്നതെന്നാണ് പാർട്ടി വൃത്തങ്ങൾ പറഞ്ഞത്.