റാഞ്ചി: കോൺഗ്രസ് യുവ നേതാവിനെ വെടിവച്ച് കൊന്നു. ഝാർഖണ്ഡിലെ രാംഗഢിൽ ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. തലസ്ഥാനമായ റാഞ്ചിക്ക് 50 കി.മീ അകലെ ഭുർകുന്ദ- പത്രാട്ടുവിലെ പെട്രോൾ പമ്പിന് സമീപമാണ് വെടിവയ്പ് നടന്നത്. രാംഗഢിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതിന് രണ്ട് ദിവസം മുമ്പാണ് കൊലപാതകം.
|
രാജ് കിഷോർ ബൗരി എന്ന ബിറ്റ്ക ബൗരി (35) ആണ് കൊല്ലപ്പെട്ടത്. ബർകഗാവിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ അംബ പ്രസാദിന്റെ പത്രാട്ടു ബ്ലോക്ക് പ്രതിനിധിയായിരുന്നു ഇദ്ദേഹം. വെടിയേറ്റ ഉടൻ ഭുർകുന്ദയിലെ സിസിഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
കൊലപാതകത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും ഭുർകുന്ദ പൊലീസ് സ്റ്റേഷൻ ഇൻചാർജ് അമിത് കുമാർ പറഞ്ഞു.
പെട്രോൾ പമ്പിന് സമീപം ബൈക്കിലെത്തിയ മൂന്ന് ക്രിമിനലുകൾ അവിടെയിരുന്ന ബൗരിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഫെബ്രുവരി 16ന് രാംഗഢിൽ അജ്ഞാതരുടെ വെടിയേറ്റ് എജെഎസ്യു പാർട്ടി നേതാവ് കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 27നാണ് രാംഗഢ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.





