29
Feb 2023
Tue
29 Feb 2023 Tue

വിശാഖപട്ടണം: 18 വയസ് മുതിർന്ന വിവാഹിതയുമായുള്ള ബന്ധത്തെ എതിർത്തതിന് യുവാവ് പിതാവിനെ ക്രൂരമായി ആക്രമിച്ച് കാമുകിയെ വീഡിയോ കോൾ ചെയ്ത് ലൈവ് ആയി കാണിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ രണ്ടാം ടൗൺ പരിധിയിലാണ് സംഭവം. ഭരത് എന്ന 21കാരനാണ് ഞായറാഴ്ച പിതാവിനെ ക്രൂരമായി മർദിച്ചത്. എന്നാൽ തിങ്കളാഴ്ച വൈകിയാണ് ഈ വിവരം പുറത്തറിഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പട്ടണത്തിൽ തന്നെയുള്ള വിവാഹിതയായ 39കാരിയുമായി ഭരത് അവിഹിതബന്ധം പുലർത്തിയിരുന്നു. ഇക്കാര്യം അറിഞ്ഞ പിതാവ് ദില്ലി ബാബു മകനെ താക്കീത് ചെയ്തു. ഹോം ഗാർഡായി ജോലി ചെയ്യുന്ന ദില്ലി ബാബുവും മകനും തമ്മിൽ ഇതേച്ചൊല്ലി വഴക്ക് പതിവായിരുന്നു.

ഒടുവിൽ മകനെതിരെ ദില്ലി ബാബു പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതേത്തുടർന്ന് ചിറ്റൂർ പൊലീസ് ഭരതിനെ വിളിച്ചുവരുത്തി കൗൺസിലിങ് നൽകുകയും ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പൊലീസിൽ പരാതി നൽകിയതിന് ഭരതിന് പിതാവിനോട് വൈരാഗ്യമായി. ഇതോടെയാണ് ഞായറാഴ്ച രാത്രി ഭരത് പിതാവിനെ വടികൊണ്ട് മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. ശരീരമാസകലം ക്രൂരമായാണ് ഭരത് പിതാവിനെ മർദിച്ചത്. കൂടാതെ പ്രതി വീഡിയോകോൾ ചെയ്ത് പിതാവിനെ ആക്രമിക്കുന്നത് കാമുകിയെ കാണിച്ചു.

മകന്‍റെ മർദനത്തിൽ അവശനായ ദില്ലി ബാബുവിനെ വീട്ടുകാർ ചിറ്റൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചിറ്റൂർ രണ്ടാം ടൗൺ സബ് ഇൻസ്പെക്ടർ മല്ലികാർജുന പറഞ്ഞു.