|
കൊൽക്കത്ത: അടുത്തവർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ നേതൃത്വത്തിൽ ബി.ജെ.പിവിരുദ്ധ പ്രതിപക്ഷകക്ഷികളെ ഒന്നിപ്പിക്കാനുള്ള നീക്കം നടത്തിവരുന്നതിനിടെ വേറിട്ടനിലപാടുമായി തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാബാനർജി. ഞങ്ങൾ മറ്റ് രാഷ്ട്രീയ പാർട്ടികളുമായി സഖ്യം ചേരില്ലെന്നും ജനങ്ങളുടെ പിന്തുണയോടെ ഒറ്റയ്ക്ക് പോരാടുമെന്നും മമത പറഞ്ഞു. 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി സഖ്യമുണ്ടാക്കാനുള്ള സാധ്യതയെക്കുറിച്ച് സംസാരിക്കവെയാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്. തൃണമൂലും ജനങ്ങളും തമ്മിലാണ് ഇനി സഖ്യം. ബി.ജെ.പിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഞങ്ങൾക്ക് വോട്ട് ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും മമത പറഞ്ഞു.
ത്രിപുര നിയമസഭ ാതെരഞ്ഞെടുപ്പിൽ തൃണമൂൽ മത്സരിച്ചെങ്കിലും ഒരിടത്ത് പോലും വിജയിച്ചിരുന്നില്ല. ബംഗാളിലെ സാഗർദിഗി ഉപതിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റും തൃണമൂലിന് നഷ്ടമായിരുന്നു. ഇവിടെ സി.പി.എമ്മിന്റെ പിന്തുണയോടെ കോൺഗ്രസ് ആണ് ജയിച്ചത്. ഉപതെരഞ്ഞെടുപ്പ് ഫലം പരാമർശിച്ച മമത ബാനർജി, സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിക്കുന്നതെന്ന് ആരോപിച്ചു.
സാഗർദിഗി ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും എന്നാൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള അധാർമ്മിക കൂട്ടുകെട്ടിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നുവെന്നും മമത പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





