21
Mar 2023
Tue
21 Mar 2023 Tue

ജിദ്ദ: എയ്റ്റ് വണ്ടേഴ്‌സ് ഗ്രൂപ്പ് ജിദ്ദയില്‍ വര്‍ണാഭമായ ഈദ് വിരുന്ന് ഒരുക്കുന്നു. കലാ ആസ്വാദകര്‍ നെഞ്ചേറ്റിയ വിനോദ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുരാജ് വെഞ്ഞാറമൂട്, ഹണി റോസ്, റിമി ടോമി, ലക്ഷ്മി നക്ഷത്ര, അഫ്‌സല്‍, സയനോര, ഡയാന ഹമീദ്, അദുല്‍, സജിലി, അഖില്‍ കാവലയൂര്‍, തങ്കച്ചന്‍, മഹേഷ് കുഞ്ഞുമോന്‍, ബിനീഷ് ബാസ്റ്റിന്‍, ശ്രുതി, ഷിയാസ്, ഷഹ്‌സ്, സഞ്ജിത് സലാം എന്നീ കലാകാരന്മാര്‍ ജിദ്ദയെ പുളകം കൊള്ളിക്കാനെത്തുമെന്ന് സംഘാടകര്‍ പറഞ്ഞു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഈദ് നൈറ്റ് ഗ്രാന്‍ഡ് ഇവെന്റ്’ എന്ന് പേരിട്ട പരിപാടി വാട്ടര്‍ ഡ്രം ഡി ജെ, ഒണ്‍ മാന്‍ കോമഡി, നൃത്തകലകള്‍, മനോഹര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേള തുടങ്ങിയവയാല്‍ ശ്രദ്ധേയമാകും. നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷോ കലാ പ്രേമികള്‍ മുടക്കുന്ന തുകയ്ക്കും മുകളിലായിരിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ഗഫൂര്‍ ചാലില്‍,അഷ്റഫ് വലിയോറ, എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

40, 80, 150, 250 എന്നീ നിരക്കില്‍ ആയിരിക്കും ടിക്കറ്റുകള്‍ വില്‍ക്കപ്പെടുക. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും സ്‌പോണ്‍സേഴ്‌സിനും റെഡ് കാര്‍പെറ്റ് പരിഗണന ലഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എയ്റ്റ് വണ്ടേഴ്‌സ് സംഘാടകരായ സാഗര്‍ എടപ്പാള്‍, ശറഫു നിലമ്പൂര്‍, ഷരീഫ് കൊടുവള്ളി, ഷംസു മോങ്ങം, ഷാഫി അടിവാരം, റൗഫ് ചാത്തേരി, റിയാസ് കിഴിശേരി, നിസാര്‍ മഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.