29
Mar 2023
Fri
29 Mar 2023 Fri

ബോപാൽ: രാത്രി ബൈക്കിലെത്തി യുവതിയെ കടന്നുപിടിച്ച് പൊലീസുകാരന്‍. പൊലീസ് യൂണീഫോമിലാണ് ഉദ്യോഗസ്ഥന്‍റെ അതിക്രമം. ചിത്രങ്ങള്‍ പ്രചരിച്ചതോടെ പൊലീസ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം. ബൈക്കിലിരുന്ന് പൊലീസുകാരന്‍ ഒരു യുവതിയുടെ കൈയില്‍ പിടിച്ച് വലിക്കുകയായിരുന്നു. കോഹെ ഫിസ സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പുഷ്പേന്ദ്രയാണ് അതിക്രമം നടത്തിയത്. അതിക്രമ വീഡിയോ പിന്നിൽ വന്നവർ പകർത്തി പുറത്തുവിട്ടതോടെയാണ് നടപടി ഉണ്ടായത് . റോഡില്‍ മറ്റ് വാഹനങ്ങളോ ആളുകളോ ഇല്ലാത്ത സമയത്തായിരുന്നു സംഭവം.

യുവതി കൈവിടുവിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്‍ പിടിത്തം മുറുക്കി. ഒടുവില്‍ ഏറെ പണിപ്പെട്ട് യുവതി കൈ വിടുവിച്ച് റോഡിന്‍റെ മറുവശത്തേക്ക് ഓടിപ്പോവുകയായിരുന്നു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് സ്ഥലംവിട്ടു.

‘ബിജെപി ഭരണത്തിൽ വേലി തന്നെ വിളവ് തിന്നുന്നു! ഭോപ്പാലിലെ അൽപന ടാക്കീസിന് സമീപം ഒരു പൊലീസുകാരന്‍റെ മനുഷ്യത്വരഹിതമായ മുഖം തുറന്നു കാണിക്കുന്ന വീഡിയോ കണ്ടു. ഒറ്റയ്ക്ക് നിൽക്കുന്ന പെൺകുട്ടിയോട് പൊലീസുകാരന്‍ അപമര്യാദയായി പെരുമാറുന്നു. വളരെ ലജ്ജാകരമാണിത് വീഡിയോ പങ്കുവച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ വൈസ് പ്രസിഡന്‍റ് സംഗീത ശര്‍മ ട്വീറ്റ് ചെയ്തു.

വീഡിയോയിൽ കാണുന്ന യുവതി കോൺസ്റ്റബിൾ പുഷ്പേന്ദ്രയുടെ സുഹൃത്താണെന്ന് അഡീഷണൽ ഡിസിപി രാം സ്നേഹി മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. രാത്രി ഹനുമാൻഗഞ്ച് ഭാഗത്തിലൂടെ പുഷ്പേന്ദ്ര പോകുമ്പോൾ, വഴിയിൽ പെൺസുഹൃത്തിനെ കണ്ടു. ഈ സമയം സുഹൃത്ത് മദ്യപിച്ചിരുന്നെന്നും ശരിയായ രീതിയിൽ നടക്കാൻ സാധിച്ചിരുന്നില്ലെന്നുമാണ്കോ ൺസ്റ്റബിൾ അറിയിച്ചത് . രാത്രിയില്‍ മറ്റെന്തെങ്കിലും അനിഷ്ടസംഭവം ഉണ്ടാകേണ്ടെന്ന് കരുതി അവരെ വീട്ടില്‍ ഇറക്കി വിടാമെന്ന് പറഞ്ഞു. എന്നാല്‍ അവർ അതിന് തയ്യാറാവാതിരുന്നപ്പോള്‍ ബൈക്കിലേക്ക് പിടിച്ച് കയറ്റാന്‍ ശ്രമിച്ചതാണെന്നും കോണ്‍സ്റ്റബിള്‍ പുഷ്പേന്ദ്ര അറിയിച്ചതായി അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം, സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി മധ്യപ്രദേശ് പൊലീസ് ട്വീറ്റ് ചെയ്തു. സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്നും വീഡിയോയിൽ കാണുന്ന സ്ത്രീയും കോൺസ്റ്റബിളും സുഹൃത്തുക്കളാണെന്നും ട്വീറ്റില്‍ അവകാശപ്പെടുന്നു. സംഭവത്തില്‍ പരാതി നൽകാൻ ആഗ്രഹിക്കുന്നില്ലെന്ന് യുവതി രേഖാമൂലം മൊഴി നൽകി. എന്നാൽ പെരുമാറ്റദൂഷ്യം കണക്കിലെടുത്ത് പൊലീസ് സ്റ്റേഷനിലെ സേവനത്തിൽ നിന്ന് പുഷ്പേന്ദ്രയെ ഒഴിവാക്കിയെന്നും വകുപ്പുതല അന്വേഷണം ആരംഭിച്ചെന്നും ട്വീറ്റില്‍ പറയുന്നു.