ബംഗളൂരു: ബംഗളൂരുവിലെ എയര്‍ഹോസ്റ്റസിന്റെ വീണുമരണം കൊലപാതകമാണെന്ന് സമ്മതിച്ച് മലയാളിയായ കാമുകന്റെ കുറ്റസമ്മതം. ഹിമാചൽ പ്രദേശ് സ്വദേശിനിയായ അർച്ചന ധിമാനെ കെട്ടിടത്തിനു മുകളിൽ നിന്നു തള്ളിയിട്ടുകൊന്നുവെന്നാണ് കാസർകോട് സ്വദേശിയായ ആദേശ് ആണ് പൊലീസിനോടു കുറ്റസമ്മതം നടത്തിയത്.
|
വിവാഹം കഴിച്ചില്ലെങ്കിൽ അവിഹിതബന്ധം ആരോപിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് അർച്ചന ഭീഷണിപ്പെടുത്തിയെന്ന് ആദേശ് പൊലീസിനോട് പറഞ്ഞു. ഇതിനു മുമ്പും പലതവണ അർച്ചന ഇക്കാര്യം പറഞ്ഞിരുന്നു. സംഭവ ദിവസം ഇത് ആവർത്തിച്ചതോടെ അപാർട്മെന്റിന്റെ ബാൽക്കണിയിൽ നിന്ന് തളളിയിടുകയായിരുന്നുവെന്നാണ് ആദർശ് വെളിപ്പെടുത്തിയതെന്ന് ബംഗളൂരു സൗത്ത്-ഈസ്റ്റ് പൊലീസ് ഡെപ്യൂട്ടി കമ്മിഷ്ണർ സി കെ ബാബ പറഞ്ഞു. എയർഹോസ്റ്റസിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് യുവതിയുടെ അമ്മ രംഗത്തെത്തിയിരുന്നു.
ആദേശ് അർച്ചനയെ തളളിയിട്ടുകൊന്നതാണെന്ന് അമ്മ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 12നാണ് അര്‍ച്ചനയെ കെട്ടിടത്തിൽ നിന്നു വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആത്മഹത്യാ കേസാണ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. അര്‍ച്ചന കാലുതെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നും ഉടന്‍ തന്നെ താന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് ആദേശ് ആദ്യം നൽകിയ മൊഴി.
എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദേശ് ബംഗളൂരുവില്‍ സ്വകാര്യ ഐടി കമ്പനിയില്‍ ജീവനക്കാരനും അര്‍ച്ചന ദുബയില്‍ അന്താരാഷ്ട്ര വിമാന കമ്പനിയില്‍ ജീവനക്കാരിയും മോഡലുമാണ്. ഇരുവരും ഒരു ഡേറ്റിങ് വെബ്‌സൈറ്റിലൂടെയാണ് പരിചയത്തിലാകുന്നതെന്നും ആറു മാസമായി ഇവര്‍ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.





