|
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ ന്യൂനപക്ഷവിഭാഗമായ മുസ്ലിംകൾക്കുണ്ടായിരുന്ന നാലുശതമാനം സംവരണം നിർത്തലാക്കി ബി.ജെ.പി സർക്കാർ. മുസ്ലിംകൾക്കുണ്ടായിരുന്ന സംവരണം രണ്ട് ശതമാനം വീതം വൊക്കലിംഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് വീതിച്ചു നൽകാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മുസ്ലിംകളുടെ ഒ.ബി.സി സംവരണം എടുത്തുകളഞ്ഞതോടെ നിലവിൽ ബ്രാഹ്മണർ, വൈശ്യർ എന്നീ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ലഭിക്കുന്ന സാമ്പത്തികസംവരണം (ഇ.ഡബ്ല്യു.എസ്) മാത്രമേ മുസ്ലിംകൾക്ക് ലഭിക്കൂ.
നിലവിൽ പത്ത് ശതമാനം സംവരണമുള്ള ഇ. ഡബ്ല്യു. എസ് വിഭാഗത്തിൽ ബ്രാഹ്മണർ, ആര്യ വൈശ്യന്മാർ, നാഗർത്ത, മുദലിയാർ എന്നിവരാണ് ഉൾപ്പെടുന്നത്. നാല് ശതമാനത്തിൽ നിന്നും മുസ്ലിം വിഭാഗം 10 ശതമാനത്തിന്റെ വലിയ ക്വാട്ടയിലേക്കാണ് എത്തിയതെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞു. അതോടൊപ്പം ചില മുസ്ലിം വിഭാഗങ്ങൾ കാറ്റഗറി 1ലെ നാല് ശതമാനത്തിലും കാറ്റഗറി 2എയിലെ 15 ശതമാനത്തിലും ഉൾപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ അത് ഏതൊക്കെ വിഭാഗങ്ങളാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. നിലവിൽ വൊക്കലിംഗ സമുദായത്തിന് നാല് ശതമാനവും ലിംഗായത്തുകൾക്ക് അഞ്ച് ശതമാനവും സംവരണമുണ്ട്. മുസ്ലിംകളുടെ നാല് ശതമാനം ഈ വിഭാഗങ്ങൾക്ക് വീതിച്ചു നൽകുന്നതോടെ വൊക്കലിംഗർക്ക് ആറ് ശതമാനവും ലിംഗായത്തുകൾക്ക് ഏഴ് ശതമാനവുമായി സംവരണം ഉയരും.
ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനം തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാനുള്ള നീക്കമാണ് മുസ്ലിംകളുടെ സംവരണം വെട്ടിക്കുറച്ചതിന് പിന്നിലെന്ന് ഇതിനകം പല ഭാഗങ്ങളിൽ നിന്നായി വിമർശനം ഉയർന്നു കഴിഞ്ഞു.





