ന്യൂഡൽഹി: രാജ്യത്തെ മൂന്ന് പ്രമുഖ കേന്ദ്ര സർവകലാശാലകളിലെ എസ്എഫ്ഐ നേതാക്കൾക്കെതിരെ ലൈംഗിക പീഡന പരാതികളുമായി വിദ്യാർഥിനികൾ. മലയാളി വിദ്യാർഥിനികളടക്കമുള്ളവരാണ് പരാതി നൽകിയത്. ഡൽഹി സർവകലാശാല, ഹൈദരാബാദ് ഇഫ്ലു, പോണ്ടിച്ചേരി സർവകലാശാല എന്നിവിടങ്ങളിലെ യൂനിറ്റ് പ്രസിഡന്റ്, സെക്രട്ടറി പദവികളിലുണ്ടായിരുന്നവര്‍ക്കെതിരെയാണ് ഗുരുതര ആരോപണങ്ങൾ.
|
ലൈംഗികമായും മാനസികമായും പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുന്നതായി പരാതികളിൽ പറയുന്നു. ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള ഹിന്ദു കോളജ് യൂനിറ്റ് എസ്എഫ്ഐ പ്രസിഡന്റും സെക്രട്ടററിയേറ്റ് അംഗവുമായിരുന്ന അഭിരാം എൻ ആറിനെതിരെയാണ് ഒരു പരാതിയുള്ളത്. നിലവിൽ ജാമിഅ മില്ലിയ്യ സർവകലാശാലയിൽ വിദ്യാർഥിയും യൂനിറ്റ് എസ്എഫ്ഐയിൽ സജീവവുമാണ് അഭിരാം.
കോളജിൽ ആദ്യമായി പഠിക്കാനെത്തിയ 18കാരിയായ മലയാളി പെൺകുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും ശാരീരികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. സജീവ എസ്എഫ്ഐ പ്രവർത്തകയായിരുന്നു ഈ പെൺകുട്ടി. എന്നാൽ പരാതികൾ എസ്എഫ്ഐ നേതൃത്വം അവഗണിച്ചതായും ആരോപണമുണ്ട്.
സംഭവത്തിൽ പരാതിയുമായി ഡൽഹി സർവകലാശാലയിലെ ഉൾപ്പെടെ എസ്എഫ്ഐ നേതാക്കളെ ബന്ധപ്പെട്ടപ്പോൾ പരിഹാസത്തോടെ തള്ളിക്കളയുകയായിരുന്നുവെന്ന് വിദ്യാർഥിനി ആരോപിക്കുന്നു. ഇതോടൊപ്പം ഇരയെ സോഷ്യൽമീഡിയയിൽ ഉൾപ്പെടെ വ്യക്തിപരമായി അധിക്ഷേപിക്കാനും അവഹേളിക്കാനും എസ്എഫ്ഐ നേതാക്കൾ കൂട്ടുനിന്നെന്നും പരാതിയുണ്ട്. എസ്എഫ്ഐയിൽ നിന്ന് സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ച് ഇവരെ പുറത്താക്കുകയും ചെയ്തു.
അതേസമയം, പരാതികൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നേതാക്കൾക്കെതിരെ എസ്എഫ്ഐ നേതൃത്വം നടപടി സ്വീകരിച്ചു. സംഭവത്തിൽ പ്രതിയുടെ പേര് ഒരിടത്തുപോലും പരാമർശിക്കാതെ എസ്എഫ്ഐ ഡൽഹി കമ്മിറ്റി വാർത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇരയ്ക്ക് എല്ലാ പിന്തുണയും ഉറപ്പുനൽകിയിട്ടുണ്ടെന്നും കുറ്റം ആരോപിക്കപ്പെട്ടയാൾ നേരത്തെ തന്നെ മറ്റൊരു വിഷയത്തിൽ ഭാരവാഹിത്വത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്നാണ് എസ്എഫ്ഐ ഡൽഹി പ്രസിഡന്റ് ഐഷെ ഘോഷും സെക്രട്ടറി മായങ്കും വാർത്താകുറിപ്പിൽ അവകാശപ്പെടുന്നത്.
എന്നാൽ, ഇയാൾ പിന്നീട് ഹിന്ദു കോളജിൽ തന്നെ എസ്എഫ്ഐയിൽ തിരിച്ചെത്തിയതായും വാർത്താക്കുറിപ്പിൽ സൂചിപ്പിക്കുന്നു. ഹിന്ദു കോളജ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയായാണ് ഇതിനെ വിശദീകരിക്കുന്നത്.





