02
Jul 2026
Thu
02 Jul 2026 Thu
food in train

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയില്‍ പലരും ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്യാറുണ്ട്. അതേസമയം നിരവധി യാത്രക്കാര്‍ വീട്ടില്‍ തയ്യാറാക്കിയ ചപ്പാത്തി, കറി, ചോറ് തുടങ്ങിയ ഭക്ഷണങ്ങളും യാത്രയില്‍ കൊണ്ടുപോകാറുണ്ട്. എന്നാല്‍, ഇങ്ങിനെ ഭക്ഷണം കൊണ്ടു വരുന്നവര്‍ ചിലപ്പോള്‍ വലിയ പിഴ ഈടാക്കേണ്ടി വന്നേക്കാമെന്നാണ് റെയില്‍വേ മുന്നറിയിപ്പ് നല്‍കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാലിന്യം വലിച്ചെറിഞ്ഞാല്‍ പിഴ

റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ശുചിത്വം ഉറപ്പാക്കുന്നതിനായി കര്‍ശന പരിശോധനയാണ് നടക്കുന്നത്. റെയില്‍വേ പരിസരങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പ്രത്യേക നടപടികളും തുടരുകയാണ്.

ഈ പരിശോധനയുടെ ഭാഗമായി ഈസ്റ്റേണ്‍ റെയില്‍വേ ഒരു ദിവസം നടത്തിയ പരിശോധനയില്‍ 1,447 കേസുകള്‍ കണ്ടെത്തി. ഇതിലൂടെ 2,89,400 പിഴയായി ഈടാക്കി.

വിഭാഗം തിരിച്ചുള്ള കണക്ക്:

ഹൗറാ ഡിവിഷന്‍: 457 കേസുകള്‍ 91,400 രൂപ പിഴ
അസന്‍സോള്‍ ഡിവിഷന്‍: 217 കേസുകള്‍ 43,400 പിഴ
മാല്‍ഡ ഡിവിഷന്‍: 158 കേസുകള്‍ 31,600 പിഴ
സിയാല്‍ദ ഡിവിഷന്‍: 615 കേസുകള്‍ 1,23,000 പിഴ

ഒരു കുടുംബത്തിന് പിഴ ചുമത്തിയത് എന്തിന്?

പരിശോധനയ്ക്കിടെ ഒരു കുടുംബം വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണം ട്രെയിനില്‍ കഴിച്ച ശേഷം അവശിഷ്ടങ്ങള്‍ സീറ്റിന് സമീപം ഉപേക്ഷിച്ചു. ഇതാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. തുടര്‍ന്ന് മാലിന്യം വലിച്ചെറിഞ്ഞതിനാണ് അവര്‍ക്ക് പിഴ ചുമത്തിയത്. അതായത് ചെലവ് ചുരുക്കാന്‍ വേണ്ടി വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ട് വരുന്നവര്‍ അല്‍പ്പം ശ്രദ്ധിച്ചില്ലെങ്കില്‍ എത്രയോ ഇരട്ടി തുക നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവും.

യാത്രക്കാര്‍ ശ്രദ്ധിക്കേണ്ടത്

വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണം ട്രെയിനില്‍ കൊണ്ടുപോകുന്നതിന് വിലക്കില്ല.
ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും ട്രെയിനിലോ സ്റ്റേഷനിലോ വലിച്ചെറിയരുത്.
മാലിന്യങ്ങള്‍ ഡസ്റ്റ്ബിനില്‍ മാത്രം നിക്ഷേപിക്കുക.
റെയില്‍വേ പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നത് ഓരോ യാത്രക്കാരന്റെയും ഉത്തരവാദിത്വമാണ്.

നിയമലംഘനം നടത്തിയാല്‍ റെയില്‍വേ നിയമപ്രകാരം പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.