22
Apr 2023
Mon
22 Apr 2023 Mon

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്ക് ഇന്ന് 50 വയസ്. 24 വർഷം നീണ്ട രാജ്യാന്തര കരിയറിൽ ഏറ്റവും ഉയർന്ന റൺമല കെട്ടിപ്പടുത്തും സെഞ്ചുറികളിൽ സെഞ്ചുറി തികച്ചും മറ്റൊരും നേടിയിട്ടില്ലാത്ത റെക്കോർഡുകൾ സൃഷ്ടിച്ചും ക്രിക്കറ്റിലെ മാന്യതയുടെ മുഖമായ ഇതിഹാസ ജീവിതം 50 തികച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് സച്ചിൻ. രണ്ടു പതിറ്റാണ്ട് കാലം സച്ചിൻ ഇന്ത്യൻ ക്രിക്കറ്റിന് നെടും തൂണായി നിന്നു. ക്രിക്കറ്റ് മതമായ ഇന്ത്യയിൽ സച്ചിൻ ദൈവമായി. സ്വഭാവശുദ്ധികളഞ്ഞു കുളിക്കാത്ത സച്ചിൻ മാന്യന്മാരുടെ കളിക്ക് കൂടുതൽ മാന്യത നൽകി. 2002-ൽ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡൺ മാസിക ഡോൺ ബ്രാഡ്മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏക ദിന ക്രിക്കറ്റ് കളിക്കാരനായും തെണ്ടുൽക്കറെ തിരഞ്ഞെടുത്തു. വിവിയൻ റിച്ചാർഡ്സ് ആയിരുന്നു പ്രഥമ സ്ഥാനത്ത്.

മഹാരാഷ്ട്രയിലെ മുംബൈയിൽ 1973 ഏപ്രിൽ 24നായിരുന്നു സച്ചിൻ രമേഷ് ടെൻഡുൽക്കറുടെ ജനനം. മുംബൈയിലെ ശാരദാശ്രം വിദ്യാമന്ദിറിലായിരുന്നു സച്ചിൻ ടെൻഡുൽക്കറുടെ പ്രാഥമിക വിദ്യാഭ്യാസം. അവിടെ നിന്നാണ് ക്രിക്കറ്റിൻറെ ബാലപാഠങ്ങൾ രമാകാന്ത് അചരേക്കറിൽ നിന്ന് കുഞ്ഞു സച്ചിൻ പഠിച്ചെടുത്തത്. പിന്നീട് സംഭവിച്ചതെല്ലാം ലോക ക്രിക്കറ്റിൻറെ ചരിത്രത്തിനോടൊപ്പം എഴുതിച്ചേർക്കപ്പെട്ടു. 1989 നവംബർ 15ന് കറാച്ചിയിൽ പാകിസ്ഥാന് എതിരെയായിരുന്നു സച്ചിൻറെ ടെസ്റ്റ് അരങ്ങേറ്റം. അരങ്ങേറ്റത്തിൽ 15 റൺസുമായി ആ പതിനാറുകാരൻ മടങ്ങി. ഇതേ വർഷം തന്നെ ഡിസംബർ 18ന് ഏകദിനത്തിലും സച്ചിൻ ഇന്ത്യൻ കുപ്പായമണിഞ്ഞു. ഏകദിന അരങ്ങേറ്റത്തിൽ പൂജ്യത്തിൽ പുറത്താവാനായിരുന്നു വിധി. രാജ്യാന്തര ടി20 അരങ്ങേറ്റം 2006 ഡിസംബർ ഒന്നിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു. ഈ മത്സരം സച്ചിൻറെ അവസാന രാജ്യാന്തര ടി20യുമായി.

രാജ്യാന്തര ക്രിക്കറ്റിൽ 664 മത്സരങ്ങളിൽ നിന്ന് 100 സെഞ്ചുറികളോടെ 34,357 റൺസും എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകളുമാണ് സച്ചിൻറെ ക്രിക്കറ്റ് സമ്പാദ്യം. സെഞ്ചുറികളിൽ സെഞ്ചുറി തീർത്ത ഏക ക്രിക്കറ്ററായി ഇന്നും സച്ചിൻ തുടരുന്നു. 2012 മാർച്ചിൽ ബംഗ്ലാദേശിനെതിരെയായിരുന്നു സച്ചിൻറെ നൂറാം സെഞ്ചുറി. ടെസ്റ്റിൽ 51 ഉം ഏകദിനത്തിൽ 49 ഉം ഉൾപ്പടെയാണ് സച്ചിൻ സെഞ്ചുറികളിൽ 100 പൂർത്തിയാക്കിയത്.

എങ്കിലും ഈ കണക്കു പുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല സച്ചിൻ എന്ന ജീനിയസിന്റെ സംഭാവന. ലോകത്തിന്റെ നാനാഭാഗത്തു നിന്നായി സച്ചിന് ആരാധകരും ക്രിക്കറ്റ് പ്രേമികളും ആശംസകൾ നേരുന്നു.