തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മോദി വന്ദേഭാരതിന്റെ സി വൺ കോച്ചിൽ കയറി. അതിനു ശേഷം സി2 കോച്ചിൽ 42 കുട്ടികളുമായി മോദി സംവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സ്ഥലം എം.പി ശശി തരൂരും മോദിക്കൊപ്പം ഫ്‌ലാഗ് ഓഫ് ചെയ്യാനുണ്ടായിരുന്നു.
|
10.50 ഓടെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയ പ്രധാനമന്ത്രി നേരെ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലെത്തി. തുടർന്ന് വന്ദേഭാരത് ട്രെയിനിന് അകത്തേക്ക് മോദി കയറി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുമായി അൽപ്പനേരം സംവദിച്ചു. ഇതിനു ശേഷമായിരുന്നു വന്ദേഭാരതിന്റെ ഫ്‌ലാഗ് ഓഫ്. വന്ദേഭാരതിലെ ഉദ്ഘാടന യാത്രയിലെ യാത്രക്കാരെ മോദി അഭിവാദ്യം ചെയ്തു.
നേരത്തെ നിശ്ചയിച്ചതിൽ നിന്നും അൽപ്പം വൈകി 10. 24 ഓടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഗവർണർ, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, മന്ത്രി ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വിപി ജോയി, തുടങ്ങിയവർ വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. തുടർന്ന് കനത്ത സുരക്ഷാ വലയത്തിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തമ്പാനൂരിലേക്ക് തിരിച്ചു.
വാഹനത്തിന്റെ ഡോർ തുറന്ന് റോഡരികിൽ കൂടി നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി തമ്പാനൂരിലേക്ക് പോയത്. വന്ദേഭാരതിലെ ഉദ്ഘാടന യാത്രയിൽ മത രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും അടക്കം തെരഞ്ഞെടുക്കപ്പെട്ടവരാണ് യാത്ര ചെയ്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





