കൊച്ചി: തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി. മരണത്തിന് പിന്നിലെ കാരണം അന്വേഷിച്ച് വരികയാണെന്നും സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കമ്പനി പറഞ്ഞു. ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് കമ്പനി നൽകുന്നതെന്നും ഷവോമി ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
|
മരിച്ച എട്ടുവയസുകാരിയുടെ കുടുംബത്തോടൊപ്പമാണ് കമ്പനി. സാധ്യമായ എല്ലാരീതിയിലും കുട്ടിയുടെ കുടുംബത്തെ സഹായിക്കുമെന്നും കമ്പനി അറിയിച്ചു. നിലവിൽ സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണ്. അധികൃതരുമായി സഹകരിച്ച് സംഭവത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തും. അധികൃതർ ആവശ്യപ്പെടുന്നതിന് അനുസരിച്ച് എല്ലാ സഹകരണവും നൽകുമെന്നും കമ്പനി അറിയിച്ചു.
അതിനിടെ, മകളുടെ മരണത്തിനു കാരണമായ ഫോൺ 2017ലാണ് വാങ്ങിയതെന്നാണ് എട്ടു വയസ്സുകാരി ആദിത്യശ്രീയുടെ പിതാവ് അശോക് കുമാർ പറയുന്നത്. 2021ൽ ഫോണിന്റെ ബാറ്ററി മാറ്റിയിരുന്നെന്നും അശോക് കുമാർ പറഞ്ഞു. അനിയൻ തനിക്ക് ഓണ സമ്മാനമായി നൽകിയ ഫോണാണ്. 2017 സെപ്റ്റംബറിൽ പാലക്കാട്ടു നിന്നാണ് അവർ റെഡ്മി ഫോൺ വാങ്ങിയത്. 2021ൽ ചാർജ് നിൽക്കാതായതോടെ സർവീസ് സെന്ററിൽ നൽകി ബാറ്ററി മാറ്റിയിരുന്നു. ഒന്നര മാസമെടുത്താണ് അന്നു നന്നാക്കിത്തന്നത്.സംഭവം നടന്ന ദിവസം അഞ്ചരയ്ക്കാണ് വീട്ടിൽ ഫോൺ കൊണ്ടുവച്ചത്. മകൾ അഞ്ചു മിനിറ്റിലേറെ അതെടുത്തു കളിച്ചിട്ടില്ലെന്ന് പിതാവ് പറഞ്ഞു. ഇനിയാർക്കും ഇത്തരത്തിൽ ദുർഗതിയുണ്ടാവരുത്. അതിനാൽ വിശദ അന്വേഷണം വേണമെന്നും അശോക് കുമാർ ആവശ്യപ്പെട്ടു.


